പുനലൂരിൽ നിന്ന് ചെങ്കോട്ട വഴി പോയാൽ പ്രകൃതി സൗന്ദര്യം വാരികോരിയെറിഞ്ഞ അതിമനോഹാരിയായ തെങ്കാശിയിൽ എത്താം. തടാകങ്ങളും, ആമ്പൽപ്പൂക്കളും നിറഞ്ഞ തെങ്കാശിയിൽ ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിയേണ്ട ഒന്നാണ്. മെയ് – ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതലായും വിനോദ സഞ്ചാരികൾ തെങ്കാശിയിൽ എത്തുന്നത്. തെങ്കാശിയിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കുവാനാണ് ആളുകൾ പ്രധാനമായും ഈ സമയം തിരഞ്ഞെടുക്കുന്നത്.
ദക്ഷിണകാശി എന്നർത്ഥം വരുന്ന തെങ്കാശിയിൽ നൂറിലധികം ശില്പഭംഗി വിടർത്തുന്ന ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രം, ഉലഗമ്മൻ ക്ഷേത്രം, കുലശേഖര നാഥൻ കണ്ണിമാരമ്മൻ ക്ഷേത്രം തുടങ്ങിയവ തെങ്കാശിയിൽ പ്രസിദ്ധമാണ്. പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച ആ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കാൻ നിരവധി സിനിമാക്കാർ ഷൂട്ടിങ്ങിനായി തെങ്കാശിയിൽ വരാറുണ്ട്. ഒട്ടനേകം സിനിമകളിലും തെങ്കാശി അവതരിക്കപ്പെട്ടിട്ടുണ്ട്. കാർഷിക ജീവിതം നയിക്കുന്ന ജനതയാണ് തെങ്കാശിക്കാർ. പല തരത്തിലുള്ള വിളവുകൾ തെങ്കാശിയിൽ നടത്താറുണ്ട്.
തണ്ണീർത്തടങ്ങളും, ആമ്പൽപ്പൂക്കളുമാണ് തെങ്കാശിയിലെ പ്രധാന ആകർഷണം. തണ്ണീര്തടങ്ങളിൽ വർണ്ണചിറകു വിരിച്ചെത്തുന്ന ആയിരകണക്കിന് പക്ഷികളും സഞ്ചാരികൾക്ക് കൗതുകം നൽകുന്ന കാഴ്ചയാണ്. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി തുടങ്ങിയവയ്‌ക്കും അനുയോജ്യമായ സ്ഥലമാണ് തെങ്കാശി. ബൈനോക്കുലറുമായി ധാരാളം പക്ഷി നിരീക്ഷകരും ഇവിടെ എത്താറുണ്ട്. തെങ്കാശിയിലെ മധുര ഫാമും പ്രകൃതിരമണീയമാണ്. പ്രകൃതി നിരീക്ഷണത്തിന് അനുയോജ്യമായ സങ്കേതമാണ് മധുര ഫാം. ഫാമിനു സമീപത്തുതന്നെ വനപ്രദേശങ്ങളും, കാടും ഉണ്ട്. കാട്ടിലെ വന്യ മൃഗങ്ങളും, കാട്ടാനകളും ഇടയ്‌ക്ക് കൃഷി കയ്യേറാൻ വരാറുണ്ട്. നെല്ലും ,കൂർക്കയുമാണ് പ്രധാനമായിട്ട് തെങ്കാശിയിൽ കൃഷി ചെയുന്നത്. പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയുന്ന തെങ്കാശിയിൽ ക്ഷേത്രങ്ങൾ പോലെ തന്നെ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്.
Comments