ഹോക്കി ഇതിഹാസമായിരുന്ന മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് ഇരുപത്തി ഒൻപതിനാണ് എല്ലാവർഷവും ഭാരതത്തിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത് .1928 , 1932 , 1936 എന്നീ വർഷങ്ങളിൽ നടന്ന ഒളിംപിക്സിൽ ഭാരതത്തിന് വേണ്ടി ഹോക്കി ഇനത്തിൽ സ്വർണ്ണം നേടി കൊടുത്ത അതുല്യ കായിക താരമായിരുന്നു മേജർ ധ്യാൻ ചന്ദ് .
1936 ലെ ബെർലിൻ ഒളിമ്പിക് ഗെയിംസിൽ ധ്യാൻ ചന്ദിനെ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. 1926 മുതൽ 1948 വരെ ധ്യാൻ ചന്ദ് തന്റെ അന്താരാഷ്‌ട്ര കരിയറിൽ 400 ലധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയിട്ടുണ്ട്. 1956 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൺ നൽകി ആദരിക്കുകയുണ്ടായി .
ഭാരത സർക്കാർ 2012 മുതലാണ് ഹോക്കി ഇതിഹാസമായ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത് . അന്താരാഷ്‌ട്ര തലത്തിൽ ഹോക്കിയിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ധ്യാൻ ചന്ദിനെ കായികലോകം ഒന്നടങ്കം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു . നിരവധി തവണ തന്റെ രാജ്യത്തെ , നേട്ടങ്ങളിലൂടെ അഭിമാനത്തിന്റെ കൊടിമുടിയിൽ എത്തിച്ച വ്യക്തിയായിരുന്നു ധ്യാൻ ചന്ദ്
മേജർ ധ്യാൻ ചന്ദ് ഹോക്കി പരിശീലിച്ചത് തന്റെ ഗുരുവായ പങ്കജ് ഗുപ്‍തയിൽ നിന്നായിരുന്നു . അന്താരാഷ്‌ട്ര ഹോക്കിയിൽ അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയർന്ന മറ്റൊരു ഹോക്കി കായികതാരത്തെ ഇന്നും ചൂണ്ടി കാണിക്കാൻ ആവില്ല . ദേശീയ കായിക ദിനത്തിലാണ് കായികരംഗത്തും മറ്റു കളികളിലും ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരമായ മേജർ ധ്യാൻ ചന്ദ് പുരസ്കരം , അതിനർഹരായവർക്ക് സമ്മാനിക്കുന്നത് .
കൊറോണ മഹാമാരി എന്ന പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുന്നതിനാൽ വിപുലമായ ആഘോഷ പരിപാടികൾ ഈ വർഷം ഒഴിവാക്കിയിരിക്കുന്നത് കൊണ്ട് , രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ഓൺലൈൻ മുഖാന്തിരമായിരിക്കും ധ്യാൻ ചന്ദ് പുരസ്‌കാരത്തിന് അർഹരായവർക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് . കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു, ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ പ്രസിഡന്റ് നരേന്ദ്ര ദ്രുവ് ബാത്ര , മറ്റ് വിശിഷ്ട വ്യക്തികൾ ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നിന്നും ചടങ്ങിൽ പങ്കെടുക്കുന്നതാണ് .
Comments