കണ്ണെത്താദൂരം പരന്നുകിടക്കുന്ന രാജസ്ഥാൻ മരുഭൂമി എന്നും വിസ്മയങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നതും ഈ മരുഭൂമിയിൽ തന്നെ. താർ മരുഭൂമിയിലെ ത്രികൂട കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ കോട്ടയ്‌ക്ക് പ്രത്യേകതകൾ ഏറെയുണ്ട്.

ക്രിസ്തു വർഷം 1156ൽ രജപുത്ര രാജാവായിരുന്ന റാവു ജൈസാൽ ആണ് സുവർണ്ണ കോട്ട എന്നറിയപ്പെടുന്ന ജയ്‌സാൽമീർ കോട്ട നിർമ്മിച്ചത്. ഇന്നും നാലായിരത്തിലധികം ആളുകൾ താമസിക്കുന്ന ഈ കോട്ട ജീവിക്കുന്ന കോട്ട എന്ന പേരിലും അറിയപ്പെടുന്നു. ഇവിടെ താമസിക്കാൻ ആളുകൾ ഒരു രൂപ പോലും വാടക നൽകുന്നില്ല. ജനങ്ങൾ കാണിക്കുന്ന നന്ദിയ്‌ക്കും സ്നേഹത്തിനും പകരമായാണ് സൗജന്യമായി താമസിക്കാനുള്ള സൗകര്യം അവർക്ക് ലഭിച്ചിരിക്കുന്നത്. 1500 അടി നീളവും 750 അടി വീതിയുമുള്ള ഈ കോട്ടയിൽ വരുന്ന സന്ദർശകർ ആണ് ഇവിടത്തെ ഏക വരുമാനമാർഗം.

യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോട്ട രാജസ്ഥാനിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കോട്ട കൂടിയാണ്. മുസ്ലിം-രജ്പൂത് രീതികൾ കോർത്തിണക്കിയാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും കോട്ടയിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ രണ്ടുതരത്തിലുള്ള ആളുകളും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

ചരിത്രകഥയിലേക്ക് നീങ്ങാം. നൂറ്റാണ്ടുകൾക്ക് മുന്ന് അന്നത്തെ ഭരണാധികാരിയായ ദേവ് രാജ് ഭരണം മകനായ ജയ്സാലിന് നൽകുന്നതിന് പകരം ജയ്സാലിന്റെ അർധ സഹോദരന് നൽകുകയും ജയ്സാലിനെ നാടുകടത്തുകയും ഉണ്ടായി. തുടർന്ന് ജയ്സാൽ ത്രികൂട കുന്നിലേക്ക് പോവുകയും അവിടെ വെച്ച് ഈസുൽ എന്ന മുനിയെ പരിചയപ്പെടുകയും ചെയ്തു. പരിചയപ്പെടലിന് ശേഷം ഋഗ്വേദത്തിൽ പരാമർശിക്കുന്ന കൃഷ്ണന്റെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്ന യാദുവാൻസി രജപുത്ര വംശത്തിൽ പെടുന്ന ആളാണ് ജയ്‌സാൽ എന്ന് മുനികുമാരൻ മനസിലാക്കി. തുടർന്ന് കൃഷ്ണൻ സൃഷ്ടിച്ച നീരുറവയും കൂടാതെ യാദുവാൻസി വംശത്തിലെ ഒരാൾ കുന്നിന്മുകളിൽ രാജ്യം കണ്ടെത്തുമെന്ന് കൃഷ്ണൻ പ്രവചിച്ച കാര്യങ്ങൾ ഉള്ള പാറ കാണിച്ചുകൊടുക്കുകയും ചെയ്തു.

കോട്ടയുടെ ചുവരുകൾക്ക് തന്നെ പ്രത്യേകതകൾ ഉണ്ട്. മൂന്ന് പാളികൾ ആയാണ് ഇവിടത്തെ ചുവരുകൾ കാണാൻ സാധിക്കുക.
മഞ്ഞനിറത്തിലുള്ള ഈ കോട്ട സൂര്യാസ്തമയ സമയങ്ങളിൽ ആണ് കൂടുതൽ മനോഹരം. കോട്ടയ്‌ക്കുള്ളിൽ പ്രവേശിക്കാൻ 4 കവാടങ്ങളിൽ കൂടി സഞ്ചരിക്കണം. കോട്ടയ്‌ക്കുള്ളിൽ 7 ജൈന ക്ഷേത്രങ്ങളെയും കാണാൻ സാധിക്കും.
നിരവധി സന്ദർശകരാണ് ചരിത്രപ്രാധാന്യമുള്ള ഈ കോട്ട കാണുവാനായി ഇവിടെ എത്തുന്നത്.
















Comments