എലികളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം

Published by
Janam Web Desk

വിവിധതരത്തിലുള്ള പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും കൊണ്ട് പ്രശസ്തമാണ് നമ്മുടെ ഭാരതത്തിലെ ക്ഷേത്രങ്ങൾ. അത്തരത്തിലൊരു ക്ഷേത്രത്തെ പരിചയപ്പെടുകയാണ് നാമിവിടെ. രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ക്ഷേത്രമാണിത്.

എലികളെ ആരാധിക്കുന്ന ക്ഷേത്രമെന്നാൽ എലിയുടെ രൂപമുള്ള പ്രതിഷ്ഠയെന്ന് കരുതല്ലേ. കർണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുർഗ്ഗാ ദേവിയാണ്. ജീവനുള്ള എലികളെയാണ് ഇവിടെ ആരാധിക്കുന്നത്. ഇരുപതിനായിരത്തിലധികം എലികളെ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും. കൂടുതലും കറുത്ത എലികളെയാണ് കാണുക. ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും വരെ എലികളുണ്ട്. ദുർഗ്ഗാ ദേവിയുടെ അവതാരമായാണ് കർണിമാതാ അറിയപ്പെടുന്നത്.

ഇന്ത്യ-പാകിസ്താൻ അതിർത്തിയായ ബിക്കനീർ പ്രദേശത്ത് നിന്നും 30 കിലോമീറ്റർ അകലെയാണ് ദേഷ്‌നോക്ക്. ഇവിടെയാണ് എലികളുടെ ക്ഷേത്രം.

ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥ നോക്കാം. കർണിമാതായുടെ മകനായ ലക്ഷ്മൺ (തോഴിയുടെ മകനെന്നും ചിലർ പറയുന്നു) ഒരിക്കൽ കപിൽ സരോവറിൽ നിന്നും വെള്ളം കുടിക്കുന്നതിനിടയിൽ അതിൽ വീഴുകയും മരണപ്പെടുകയും ചെയ്തു. ദുഃഖിതയായ കർണിമാതാ യമദേവനോട് മകന്റെ ജീവൻ തിരികെ നൽകണമെന്ന് പറഞ്ഞു. ആദ്യം അപേക്ഷ നിരസിച്ചെങ്കിലും ലക്ഷ്മണനെ മാത്രമല്ല കർണിമാതായുടെ എല്ലാ ആൺമക്കളും മരണശേഷം ഇവിടെ എലിയായി അവതാരമെടുക്കുമെന്ന് യമദേവൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ എലികളെ ആരാധിച്ചുതുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൽ കാണുന്ന വെളുത്ത എലികൾ കർണിമാതായുടെ പുത്രന്മാരാണെന്നാണ് വിശ്വാസം.

വെള്ളിയിൽ പണിതിരിക്കുന്ന കവാടം കടന്നുവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. 20-)o നൂറ്റാണ്ടിൽ ബിക്കനീർ രാജാവായിരുന്ന മഹാരാജ ഗംഗ സിംഗാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമ്മിച്ചത്. എലികളുടെ പേരിൽ മാത്രമല്ല, കൊത്തുപണികളുടെ പേരിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്.

ഏതെങ്കിലും കൈയബദ്ധം മൂലം ക്ഷേത്രത്തിലെ എലികളെ കൊന്നാൽ പകരം സ്വർണത്തിലുള്ള എലിയെ സമർപ്പിക്കണം എന്നാണ് പറയപ്പെടുന്നത്.

രാവിലെ 4 മണിക്കാണ് ക്ഷേത്രം തുറക്കുക. മംഗളാരതിയോട് കൂടി ക്ഷേത്രത്തിലെ പൂജകൾക്ക് തുടക്കമാവും. എലികൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായ പ്രവർത്തിയായാണ് ഭക്തർ കണക്കാക്കുന്നത്.

വിശ്വാസികളും ചരിത്രകാരന്മാരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ക്ഷേത്രമാണ് കർണിമാതാ ക്ഷേത്രം.

Share
Leave a Comment