ജീവിത പാഠങ്ങൾ പകർന്നു തന്ന് ഓരോ വിദ്യാർത്ഥികളെയും അറിവിന്റെ ഉയരങ്ങളിലേക്കെത്തിക്കാൻ കൈപിടിച്ച അധ്യാപകർക്കായി സെപ്റ്റംബർ 5 രാജ്യമെങ്ങും അധ്യാപക ദിനമായി ആചരിക്കുകയാണ്. മുൻ അധ്യാപകനും, ഇന്ത്യയുടെ രാഷ്‌ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5. അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ അധ്യാപകനായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത സുഹൃത്തുക്കളും, വിദ്യാർത്ഥികളും അദ്ദേഹത്തോട് സമ്മതം ചോദിച്ചു. അപ്പോൾ തന്റെ ജന്മദിനത്തിനു പകരം എല്ലാ അധ്യാപകർക്കും ബഹുമാന സൂചകമായി ഈ ദിനം ആഘോഷമാക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.അങ്ങനെയാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങുന്നത്.
അധ്യാപനം എന്ന തൊഴിൽ മറ്റെല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള വിദഗ്ധരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. ഒരുപക്ഷെ അധ്യാപനത്തോളം വരുന്ന മറ്റൊരു ശ്രേഷ്ഠമായ സേവനം വേറെയുണ്ടാകില്ല. നട്ടെല്ലുള്ള, സംസ്ക്കാരബോധമുള്ള, ഉത്തരവാദിത്വമുള്ള ഒരു ഭാവി തലമുറയെ ഉയർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാതെയുള്ള ഒരു അധ്യാപക ദിനം ഇതാദ്യമാണ്. സ്കൂളുകളും, കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും അധ്യാപകർക്കുള്ള ആശംസകളും ആദരങ്ങളും അറിയിക്കാൻ വിദ്യാർത്ഥികൾ മറന്നിട്ടില്ല.
സ്കൂളുകളിലും, കോളേജുകളിലും സാധാരണയായി അധ്യാപകദിനം എല്ലാ കലാപരിപാടികളോടും കൂടി ആഘോഷമാക്കാറുണ്ട്. അധ്യാപകർക്കുള്ള ചെറിയ ചെറിയ സമ്മാനങ്ങളും വിദ്യാർത്ഥികൾ നൽകാറുണ്ട്. എന്നാൽ കൊറോണ ഭീതി നിലനിൽക്കെ അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കാണാനാവാത്ത സാഹചര്യത്തിലാണ് ഇത്തവണ സെപ്റ്റംബർ 5 കടന്നുപോകുന്നത്. എങ്കിൽപ്പോലും ഈ അവസ്ഥയിലും തന്റെ വിദ്യാർത്ഥികൾക്കായി ഓൺലൈനിലൂടെ ക്ലാസുകൾ എടുത്തുകൊടുക്കുന്ന എല്ലാ അധ്യാപകർക്കും നിറയെ സ്നേഹം.
Comments