പരശുരാമന്‍ സ്ഥാപിച്ച നൂറ്റി എട്ട് ശക്തി പീഠങ്ങളിലൊന്നായ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം

Published by
Janam Web Desk

ആചാര അനുഷ്ഠാനങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം.  രാജാക്കന്മാരുടെ രാജാവായാണ് ക്ഷേത്രത്തില്‍ ശിവനെ ആരാധിച്ചു പോരുന്നത്. ചക്രവര്‍ത്തിയെന്നും പെരുംതൃക്കോവിലപ്പന്‍ എന്നും പെരുംചെല്ലൂരപ്പനെന്നും രാജരാജേശ്വരനെ വിളിക്കുന്നു. ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ശൈവ വൈഷ്ണവ സങ്കല്പങ്ങള്‍ കൂടിചേര്‍ന്നതാണു ഇവിടുത്തെ ഈശ്വര സങ്കല്‍പമായി കരുതുന്നുത്. പാര്‍വതി ദേവിയുടെ ശക്തി പീഠങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഒരു ക്ഷേത്രമാണിത്.

സാധാരണ ക്ഷേത്രങ്ങളിലെ പോലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഇവിടെ പ്രവേശനമില്ല. പുരുഷന്മാര്‍ക്ക് ഏതു സമയത്തും ക്ഷേത്രത്തിന് അകത്തേയ്‌ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രാത്രികാലങ്ങളിലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിന് അകത്തേയ്‌ക്ക് പ്രവേശനം അനുവദിക്കാറില്ല. മറ്റുള്ളവര്‍ക്ക് രാത്രി 7.15 ന് തിരുവത്താഴ പൂജയ്‌ക്ക് ശേഷം ക്ഷേത്രത്തിനകത്തു കയറാം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ക്ഷേത്രത്തിന് അകത്തേയ്‌ക്ക് പ്രവേശനം അനുവദിക്കുകയില്ല.

പരശുരാമന്‍ സ്ഥാപിച്ച നൂറ്റി എട്ട് ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം പരശുരാമന്‍ തന്നെ പുനര്‍ നിര്‍മ്മാണം നടത്തിയതാണെന്നും ഒരു വിശ്വാസമുണ്ട്. ചരിത്രവുമായി എറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ട കാലത്ത് നശിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഇവിടെയുണ്ടായിരുന്ന ഏഴ് രാജഗോപുരങ്ങളും അന്ന് ടിപ്പുവിന്റെ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്നു. ഇതിന്റെ ശേഷിപ്പുകള്‍ ഇന്നും ഇവിടെ കാണാം. പുലര്‍ച്ചെ നാലുമണി മുതല്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണി വരെയും വൈകിട്ട് അഞ്ച് മുപ്പതു മുതല്‍ രാത്രി എട്ടു വരെയുമാണ് ക്ഷേത്രത്തിലെ പൂജാസമയം.

Share
Leave a Comment