ആരോഗ്യമുള്ളതും കലോറി കുറവുള്ളതും തയ്യാറാക്കാൻ വളരെ എളുപ്പവുമുള്ള സെലറി സൂപ്പിൽ ധാരാളം ആന്റിഓക്സിഡന്റുകളും , വിറ്റാമിനുകളും , ധാതുക്കളും അടങ്ങിയിരിക്കുന്നു . ശരീര വീക്കം തടയാനും , ദഹനം നന്നായി നടക്കാനും , രക്ത സമ്മർദ്ദം കുറക്കാനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ് സെലറി സൂപ്പ് .
പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന സൂപ്പ് ആയതിനാൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലാം തന്നെ കൃത്യമായ അളവുകളിൽ ശരീരത്തിന് ലഭ്യമാകുന്നതാണ്. തന്മൂലം ശരീരത്തിലെ ജലാംശം നിലനിർത്തുവാനും , നന്നായി ദഹനം നടക്കാനും സഹായിക്കുന്ന ഉത്തമമായ ഒരു ഭക്ഷ്യ വസ്തു കൂടിയാണ് സെലറി സൂപ്പ് . ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് സെലറി സൂപ്പ് .
സൂപ്പ് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ . നൂറ് മില്ലിലിറ്റർ പാൽ , ഇരുനൂറ് ഗ്രാം നുറുക്കിയ ഉരുളക്കിഴങ്ങ് , വെളുത്തുള്ളി , പച്ചക്കറി വേവിച്ചു ഊറ്റിയ വെള്ളം അഞ്ഞൂറ് മില്ലിലിറ്റർ , രണ്ട് ടീസ്പൂൺ ഒലിവ് എണ്ണ , ചെറുതായി അരിഞ്ഞ സെലറി നാര് കളഞ്ഞത് മുന്നൂറ് ഗ്രാം , വിവിധ ഇനം പച്ചക്കറികൾ , ഉപ്പ്
പച്ചക്കറികൾ നിറയെ വെള്ളത്തിലിട്ടു നന്നായി വേവിച്ചതിന് ശേഷം , വെള്ളം ഊറ്റി എടുക്കുക . ഇതിന് ശേഷം ഒരു പാൻ എടുത്ത് അതിൽ ഒലിവ് എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം , ഇതിലേക്ക് വെളുത്തുള്ളി , അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് , അരിഞ്ഞു വെച്ചിരിക്കുന്ന സെലറി , അല്പം വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പതിനഞ്ച് മിനിറ്റ് വേവിക്കുക . ഉരുളക്കിഴങ്ങും സെലറിയും നന്നായി വെന്തതിന് ശേഷം , ഇതിലേക്ക് പച്ചക്കറി വേവിച്ച വെള്ളം ചേർത്ത് ഇരുപതു മിനിറ്റോളം തിളപ്പിക്കുക . നന്നായി തിളച്ചതിനു ശേഷം , അല്പം പാൽ കൂടി ചേർത്ത് തിളപ്പിക്കുക . രുചിക്കായി കുരുമുളകും കൂടി ചേർത്ത് സൂപ്പ് ഇറക്കി വെക്കാം.
രുചിയും ആരോഗ്യവും പോഷകപ്രദവുമായ സെലറി സൂപ്പ് തയ്യാർ .
Comments