മുംബൈ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ഹൈക്കോടതി; കങ്കണയുടെ കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ

Published by
Janam Web Desk

മുംബൈ: മുംബൈ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ഹൈക്കോടതി. കേസ്സുമായി നടി കങ്കണ റണാവത് ഇന്നാണ് ഹൈക്കോടതിയിലെത്തിയത്.കങ്കണയുടെ കെട്ടിടം പൊളിക്കുന്നതിന്  മുംബൈ ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്.  അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞാണ് മണികർണ്ണികാ  സിനിമാ കമ്പനിയുടെ ഓഫീസിന്റെ ഒരു ഭാഗം ഇന്ന് രാവിലെ ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു തുടങ്ങിയത്. നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കങ്കണയുടെ വെളിപ്പെടുത്തലുകളാണ് മുംബൈ ഭരണകൂടത്തേയും ശിവസേനയേയും പ്രകോപിപ്പിച്ചത്.

ജസ്റ്റിസ് എസ്.ജെ. കാത്‌വാലയാണ് കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്തത്. ഉടമസ്ഥനില്ലാത്ത ഒരു വസ്തുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ത് നിയമത്തിന്റെ പേരിലാണ് നടപടി ആരംഭിച്ചതെന്ന് കോടതി ചോദിച്ചു. കേസ്സ് നാളത്തേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ബി.എം.സി അധികൃതര്‍ നേരിട്ട് കോടതിയിലെത്താനാണ് നിര്‍ദ്ദേശം.

ഹിമാചല്‍ പ്രദേശിലായിരുന്ന കങ്കണ വൈ കാറ്റഗറി സുരക്ഷയിലാണ് മുംബൈയിലെ ത്തിയിരിക്കുന്നത്. ഇന്നലെയാണ് നഗരസഭ കെട്ടിടത്തിലില്‍ നോട്ടീസ് പതിപ്പിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ സമയം നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കിയില്ലെന്ന ന്യായം പറഞ്ഞാണ് ബുള്‍ഡോസറടക്കമുള്ള സംവിധാനങ്ങളുമായെത്തി അധികൃതര്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്.

സുശാന്തിന്റെ മരണത്തില്‍ മുംബൈയിലെ നിരവധി പ്രമുഖരുടെ പങ്ക് കങ്കണ തുറന്നു പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയ്‌ക്കെതിരെ വികാരം ഉണ്ടാക്കുന്നുവെന്ന പേരില്‍ ഭരണ കക്ഷിയായ ശിവസേനയുമായി കൊമ്പുകോര്‍ത്തതോടെയാണ് റവന്യൂ നടപടികളിലേയ്‌ക്ക് നീങ്ങിയത്.

Share
Leave a Comment