ആരോഗ്യമുള്ള ശരീരവുമായി ജീവിക്കുക എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണ രീതിയും പല തരത്തിലുള്ള രോഗങ്ങളിലേയ്‌ക്ക് കൊണ്ടെത്തിക്കുന്നു. അതേസമയം രോഗങ്ങൾ നമ്മുടെ ശരീരത്തെ തളർത്തും മുൻപ് തന്നെ ചില സൂചനകൾ നൽകുന്നു. ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ സ്വീകരിച്ചില്ല എങ്കിൽ അപകടത്തിലേക്ക് നയിക്കപ്പെടും. ആരോഗ്യത്തിന് ഹാനികരമായ ഈ സൂചനകൾ നാം തിരിച്ച് അറിഞ്ഞിരിക്കണം.. അതിൽ പ്രധാനപ്പെട്ട അനാരോഗ്യത്തിന് ലക്ഷണമായ ചില സൂചനകളെപ്പറ്റി ഒന്ന് അറിഞ്ഞിരിക്കാം…
കിതപ്പും ക്ഷീണവും
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഹൃദ്രോഗ സംബന്ധമായ രോഗങ്ങളുടെയും മുന്നോടിയായ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പും ക്ഷീണവും. നേരത്തെ ചെയ്തിരുന്ന ജോലി ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കാതെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഹോർമോണുകളുടെ ഉൽപാദനത്തിൽ ക്രമക്കേടു വന്നാലും ഇത് അനുഭവപ്പെടാം.
അമിതവണ്ണവും കുടവയറും
അമിതവണ്ണവും കുടവയറും മിക്കവരുടെയും പ്രശ്‌നം ആണെന്ന് എടുത്ത് പറയേണ്ടതില്ലലോ. പൊക്കിളിനു ചുറ്റും ടേപ്പ് കൊണ്ട് അളക്കുമ്പോൾ പുരുഷൻമാരിൽ 102 സെന്റിമീറ്ററിൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലുമാണെങ്കിൽ കുടവയറായി കണക്കാക്കാം. വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തക്കുഴലിൽ നീർവീക്കത്തിനു കാരണമാകും. മെറ്റബോളിക് സിൻഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്‌ക്കുവരെ കാരണമാകാം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്‌ക്കുമ്പോൾ കുടവയറും താനേ കുറയും.
അതേസമയം ശരീരഭാരം ഒരു മാസത്തിനുള്ളിൽ തന്നെ മൂന്നു കിലോയിൽ അധികം കൂടുന്നതും നല്ലതല്ല. ബോഡി മാസ് ഇൻഡക്സ് വർധിച്ച് ഒരു മാസത്തിനുള്ളിൽതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ തൈറോയ്ഡ് പോലുള്ള രോഗമുണ്ടോയെന്ന് പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകട സൂചനയാണെന്ന് ഓർക്കുക.
നീർവീക്കം
ശരീരത്തിലെ വാട്ടർ– ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ് നീർവീക്കത്തിനു കാരണം. കരൾ, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം കാരണവും ശരീരത്തിൽ നീരു കെട്ടാം. ഇന്നലെ ഇട്ട വസ്ത്രം ഇന്നു കയറുന്നില്ലെന്നു ചിലർ പറയുന്നതു കേട്ടിട്ടില്ലേ… ശരീരഭാരം കൂടിയിട്ടുമുണ്ടാകില്ല. ഇതിനു പിന്നിലെ കാരണം ഈ നീർക്കെട്ട് ആയിരിക്കും. ഇങ്ങനെ നീർവീക്കം ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
കൂർക്കംവലി
‘സ്‍ലീപ് അപ്നിയ’ എന്ന ഉറക്ക പ്രശ്നത്തിന്റെ സൂചനയാണ് കൂർക്കംവലി. ഇത് ഓക്സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണയായി വണ്ണം കൂടിയവരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലക്കുറവു കാരണവും കൂർക്കംവലി ഉണ്ടാകാം. ഇത് പെട്ടെന്നുള്ള മരണത്തിനുവരെ കാരണമാകുന്ന ഒന്നായതിനാൽ നിസ്സാരമാക്കരുത്.
Comments