നാടൻ ഭക്ഷണ വിഭവങ്ങളിലെ ഒരു പ്രധാന പച്ചക്കറിയാണ് ഉരുളൻകിഴങ്ങ്. കൂടിയ അളവിലുള്ള അന്നജമുള്ളതിനാൽ തന്നെ ഉരുളക്കിഴങ്ങ് കറിമുതല്‍ ഉരുളക്കിഴങ്ങ് ഫ്രൈ വരെ വരെയുള്ള പരീക്ഷണങ്ങൾ ഭക്ഷണ പ്രേമികൾ ചെയ്തു കഴിഞ്ഞു. പ്രത്യേകിച്ച് ഒരു ഫ്‌ളേവറും ചേര്‍ത്തില്ലെങ്കിലും നന്നായി ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് സ്‌നാക്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമാണ്. എന്നാല്‍ വീട്ടില്‍ നമ്മള്‍ തന്നെ തയ്യാറാക്കുന്ന ഫ്രൈഡ് പൊട്ടറ്റോ പലപ്പോഴും കടയില്‍ നിന്ന് കിട്ടുന്നതുപോലെ ആവാറില്ല. കറുമുറെ കഴിക്കാവുന്ന പൊട്ടെറ്റോ ചിപ്‌സ് വീട്ടിലുണ്ടാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം…
ചേരുവകൾ
- ഉരുളൻകിഴങ്ങ്
- മുളക്‌പൊടി
- ഗരംമസാല
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
- ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തില്‍ മുക്കി വയ്‌ക്കുക. ഒരു രാത്രി ഇങ്ങനെ വയ്‌ക്കണം. വെള്ളം നന്നായി പോയെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇതിനെ വറുക്കാനായി എടുക്കുക.
- വറുക്കാനായി അരിയുമ്പോള്‍ എല്ലാം ഒരേ വലിപ്പത്തില്‍ തന്നെ അരിഞ്ഞാല്‍ നന്നായി മൊരിഞ്ഞു കിട്ടും. അതിനാൽ ചെറുതായും കനം കുറച്ചും ഉരുളക്കിഴങ്ങ് അരിഞ്ഞെടുക്കുക.
- മുറിച്ചെടുത്ത കഷ്ണങ്ങൾ മുങ്ങിക്കിടക്കാനുള്ള അളവില്‍ എണ്ണ ഉപയോഗിക്കണം. കുറച്ച് എണ്ണ ഉപയോഗിക്കുമ്പോള്‍ വറുക്കാനായി ഇടുന്ന കിഴങ്ങിന്റെ അളവും കുറയ്‌ക്കാം. അല്‍പാല്‍പ്പമായി കൂടുതല്‍ സമയം കൊണ്ട് ഫ്രൈ ചെയ്യാം.
- മുളക്‌പൊടി, ഗരംമസാല, ഉപ്പ് തുടങ്ങിയവ ഉരുളക്കിഴങ്ങ് മൊരിഞ്ഞ് തുടങ്ങിയ ശേഷം മാത്രം ചേര്‍ക്കുക. (ഇവ ചേർക്കാതെയും ഫ്രൈ ചെയ്യാനാകും)
- എണ്ണ തിളച്ചാല്‍ തീ കുറച്ച ശേഷം അതില്‍ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഇടുക. ഇനി തീ കൂട്ടി വച്ച് ഫ്രൈ ചെയ്യാം. ഒന്ന് രണ്ട് മിനിറ്റ് ഇങ്ങനെ വച്ചാല്‍ മതിയാവും. കരിഞ്ഞു പോകാതെ പെട്ടെന്നു തന്നെ ഉരുളക്കിഴങ്ങ് ചിപ്‌സിനെ പാത്രത്തിലേക്ക് മാറ്റാം. (ചിപ്‌സില്‍ അധികം എണ്ണവേണ്ട, എന്നാല്‍ നന്നായി മൊരിയുകയും വേണം എന്നാണെങ്കിൽ ഈ വഴി ഉപയോഗിക്കാം)
Comments