കലയുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് സ്ഥിതി ചെയ്യുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം. ദുര്‍ഗ്ഗ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പരശുരാമന്‍ സൃഷ്ടിച്ച നൂറ്റെട്ട് ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
ചരിത്രപരമായ ഒരുപാട് പ്രത്യേകതകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്നു. ഈ പ്രദേശത്ത് പണ്ടെന്നോ ദുർഗ്ഗ ദേവി മിഴാവിന്റെ രൂപത്തിൽ വന്നു വീണു വെന്നും മിഴാവ് അഥവാ മൃദംഗം വീണ സ്ഥലം പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയെന്നും. പിന്നീട് അവിടം മിഴാവു കുന്ന് എന്ന് അറിയപ്പെട്ടു തുടങ്ങി. കാലക്രമേണ അതു മാറി മുഴക്കുന്നു എന്ന പേരില്‍ അറിയപ്പെട്ടു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗം കാണാം ഇവിടെയാണ് മിഴാവ് വീണതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കഥകളിയിലെ വന്ദനശ്ലോകമായ ‘മാതംഗാനനമബ്ജവാസരമണീം’ എന്ന കാവ്യം ഇവിടെ വെച്ചാണ് രചിച്ചതെന്നു കരുതപ്പെടുന്നു. ശ്രീ ദുര്‍ഗ്ഗാഭഗവതിയെ സ്തുതിക്കുന്നതാണ് ഈ ശ്ലോകം. കോട്ടയം രാജവംശത്തില്‍ ഒരിക്കല്‍ ബുദ്ധിമാന്ദ്യമുള്ളൊരു തമ്പുരാന്‍ ഉണ്ടായിരുന്നു ഗുരുക്കന്മാര്‍ എത്ര പഠിപ്പിച്ചിട്ടും കുഞ്ഞു തമ്പുരാന് അറിവുണ്ടായില്ല. മാനക്കേടു മറയ്‌ക്കാന്‍ അച്ഛന്‍ തമ്പുരാന്‍ കുമാരനെ അല്‍പം ദൂരെയൊരിടത്ത് ജലധാരയ്‌ക്കടുത്ത് ഉപേക്ഷിച്ചു. ഇന്ന് കുമാരധാര എന്നറിയപ്പെടുന്നത് സ്ഥലമായിരുന്നു അത്. ആ ധാരയില്‍ നിന്നുള്ള പ്രവാഹം പതിച്ചതോടെ കുമാരന്‍ ബുദ്ധിമാനായി കോവിലകത്ത് മടങ്ങിയെത്തി. ‘കഥകളി തമ്പുരാന്‍’ എന്നറിയപ്പെടുന്ന കോട്ടയം തമ്പുരാനായിരുന്നു അത്.
കഥകളിയിലെ പ്രശസ്തമായ ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം ആട്ടക്കഥകള്‍ അദ്ദേഹം രചിച്ചത് ഈ ദേവി സന്നിധിയില്‍ വച്ചാണെന്ന് കരുതപ്പെടുന്നു. ഒരിക്കല്‍ കഥകളിയിലെ സ്ത്രീ രൂപത്തിനു രംഗഭാഷ്യമൊരുക്കാന്‍ തമ്പുരാനു പറ്റാതെ വന്നപ്പോള്‍ ദേവിക്കു മുന്നില്‍ ധ്യാനിച്ചിരുന്ന അദ്ദേഹത്തിന് ദേവി ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ട് കഥകളിയിലെ ഇന്നത്തെ സ്ത്രീരൂപം കാണിച്ചു കൊടുത്തു എന്നാണ് ഐതീഹ്യം. പഴശ്ശി രാജ യുദ്ധത്തിന് പോകും മുന്‍പ് ഇവിടെ ശ്രീ പോര്‍ക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. രാവിലെ ആറുമുതല്‍ പന്ത്രണ്ട് വരെയും വൈകുന്നേരം അഞ്ചര മുതല്‍ രാത്രി എട്ടുവരെയുമാണ് ക്ഷേത്ര ദര്‍ശനത്തിനുളള സമയം. ധനുവിലെ സംക്രമപൂജയും നവരാത്രിയും മണ്ഡലകാലവുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.
Comments