കോട്ടയം: കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ അത്യപൂർവ വഴിപാടായ 51 പറ ഇന്ന്. പള്ളിവേട്ടയോട് അനുബന്ധിച്ചാകും തിരുമുൻപിൽ 51 പറ സമർപ്പിക്കുക. 83-കാരിയാണ് അത്യപൂർവ വഴിപാട് ഭഗവാന് സമർപ്പിക്കുന്നത്.
ക്ഷേത്ര മൂർത്തിയായ ദേവനെ സ്വന്തം സ്ഥാവര ജംഗമ വസ്തുക്കളുടെ അധിപനായി കണക്കാക്കി അതിൽ ഒരു വിഹിതം സമർപ്പിക്കുക എന്നതാണ് നിറപറ സമർപ്പണത്തിലെ സങ്കൽപം. ഒരു പറ നിറയ്‌ക്കുകയാണ് സാധാരണ ഗതിയിലുള്ള വഴിപാട്. വിശേഷ വഴിപാടായി അഞ്ചു പറ നിറച്ചുള്ള ഐമ്പൊലിയും നടക്കാറുണ്ട്. എന്നാൽ ഒരേ സമയം 51 പറ നിറച്ച് വഴിപാട് എന്നത് ഇതാദ്യമായാണ് അരങ്ങേറുന്നത്.
ധർമ ശാസ്താവ് മുഖ്യ പ്രതിഷ്ഠയായുള്ള പുരാതന ക്ഷേത്രമാണ് കൂരോപ്പടയിലേത്. തന്റെ ജീവിതമത്രയും ലഭിച്ച അനുഗ്രഹാശിസുകൾക്കുള്ള സമർപ്പണമായാണ് ഈ വഴിപാടെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്ത പറഞ്ഞു.