രാവിലെ ഉപ്പുമാവാണ് കഴിക്കാന്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരാണ് മിക്ക ആളുകളും. കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഉപ്പുമാവിനോട് അത്ര താല്‍പര്യം പോര. എന്നാല്‍ ഇതിലേക്ക് ചില ചേരുവകള്‍ കൂടി ചേര്‍ത്താലോ ആരും വേണ്ടെന്ന് പറയാത്ത വിധം അത്രയ്‌ക്ക് സ്വാദിഷ്ടമായ ഒരു വിഭവമാക്കി ഉപ്പുമാവിനെ എളുപ്പം മാറ്റാം.അതിനായി ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വയ്‌ക്കുക. നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. നാല് ടീസ്പൂണ്‍ ഒഴിക്കണം കാരണം റവ കട്ടപടിക്കാതിരിക്കാനാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കടുകിട്ട് കൊടുക്കുക.
ഇത് പൊട്ടി വരുമ്പോള്‍ ഉഴുന്നു പരിപ്പ്, കറിവേപ്പില, അരിഞ്ഞുവെച്ച പച്ചമുളക്, കൊത്തിയരിഞ്ഞ ക്യാരറ്റ്, ചെറിയ ഉള്ളി നീളത്തില്‍ മുറിച്ചത്,അണ്ടിപരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇവ നന്നായി വഴന്നു വരമ്പോള്‍ ഇതിലേക്ക് ഒന്നോ രണ്ടോ കോഴിമുട്ട കൂടി ഉടച്ച് ചേചേര്‍ക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. അതിനു ശേഷം റവ എടുത്ത അതേ അളവ് പാത്രത്തിന് ഒരു പാത്രം വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് നന്നായി വറുത്ത റവ ഇട്ടു കൊടുക്കുക. പിന്നീട് രണ്ട് മിനിറ്റ് നേരം മൂടിവെക്കുക.
ശേഷം മൂടി തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. അടിയില്‍ പിടിക്കാതെ കട്ടപിടിക്കാതെ നല്ല സ്വാദിഷ്ടമായ ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാറാക്കാം. എത്ര വേണ്ടെന്നു പറഞ്ഞാലും ഇഷ്ടമല്ലെന്ന് പറഞ്ഞാലും ഈ രീതിയില്‍ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്താല്‍ കഴിക്കാത്തവരില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു വിഭവം കൂടിയാണിത്.
Comments