ലഡാക്ക് ! ഏതൊരു സഞ്ചാരിയും പോവാൻ ആഗ്രഹിക്കുന്ന ഇടം. കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ലഡാക്ക് ശാസ്ത്രവിസ്മയങ്ങൾ കൊണ്ടും സന്ദർശകരെ ആവേശം കൊള്ളിക്കുകയാണ്. ലഡാക്കിലെ ലേ-കാർഗിൽ ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ, ലേയിൽ നിന്നും 30 കിലോമീറ്റർ ദൂരമെത്തുമ്പോൾ വാഹനങ്ങൾ ഒരു കുന്നിനടുത്തേക്ക് നീങ്ങുന്നതായി അനുഭവപ്പെടും. ഈ കുന്നിനെയാണ് മാഗ്നറ്റിക് ഹിൽ എന്ന് പറയുന്നത്. ഇതിന്റെ ശാസ്ത്രവിസ്മയത്തിന്റെ വിശേഷങ്ങളിലേക്ക്.
ശാസ്ത്രലോകം പോലും അത്ഭുതപ്പെടുന്ന ഈ പ്രദേശത്തെ തേടി നിരവധിയാളുകൾ ആണ് വന്നെത്തുന്നത്. ഈ പ്രദേശം കശ്മീരിലെ ലഡാക്കിലാണ് സ്ഥിതിചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിന്റെ കിഴക്കുവശത്തുകൂടി സിന്ധുനദി ഒഴുകുന്നു. ലഡാക്കിലെ മാഗ്നെറ്റിക് ഹിൽ റോഡ് എത്തുന്നതിന് കുറച്ച് മുൻപ് റോഡിൽ മഞ്ഞ നിറത്തിലെ ഒരു സൂചന ബോർഡിൽ ഒരു നിർദ്ദേശം നൽകിയിരിക്കുന്നത് കാണാം. കുന്നിന്റെ കാന്തിക ശക്തി അനുഭവപ്പെടാൻ റോഡിൽ അടയാളപ്പെടുത്തിയിരിക്കുന്ന യഥാർത്ഥ സ്ഥലത്തെ കുറിച്ചാണ് ആ നിർദ്ദേശം.
എഞ്ചിൻ ഓഫ് ആയി ഇരിക്കുന്ന ഒരു വാഹനം പോലും കുന്നിന്റെ കാന്തിക ശക്തിയാൽ കുന്നിന്മുകളിലേക്ക് പോകുന്നത് കാണാൻ സാധിക്കും. ഈ വേളയിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയായിരിക്കും വാഹനത്തിനുണ്ടാകുക.
മാഗ്നെറ്റിക് ഹിൽ സംബന്ധിച്ചുള്ള നിരവധി വിശദീകരണങ്ങളിൽ ചിലത് പരിചയപ്പെടാം. ആളുകൾക്കിടയിലെ വിശ്വാസങ്ങളും ശാസ്ത്രലോകത്തിന്റെ വിശദീകരണങ്ങളും നോക്കാം.
ജനങ്ങളുടെ വിശ്വാസമനുസരിച്ച് ഇത് വഴി സ്വർഗത്തിലേക്ക് ഒരു റോഡ് ഉണ്ടായിരുന്നുവെന്നും സ്വർഗ്ഗം അർഹിക്കുന്നവർക്ക് മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളൂ എന്നും ആണ്.
ശാസ്ത്രത്തിന്റെ വിശദീകരണം ഇങ്ങനെയാണ്, ഈ കുന്നിൻ പ്രദേശത്ത് ശക്തമായ കാന്തികവലയം ഉണ്ടെന്നും ഈ കാന്തികവലയമാണ് വാഹനങ്ങളെ ആകർഷിക്കുന്നത്. വിമാനങ്ങൾ പോലും ഈ കുന്നിൻ പ്രദേശത്ത് കൂടി പോകാൻ ഭയപ്പെടുന്നു.
അതേ സമയം ചിലരുടെ അഭിപ്രായം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണെന്നാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്താണെന്ന് എല്ലാവർക്കും അറിയാം, മുമ്പിൽ കാണുന്നത് വെറുമൊരു തോന്നൽ മാത്രം ആയിരിക്കാം. അതായത് എല്ലാവരും പറയുന്നത് പോലെ ഇവിടെ ഒരു കുന്ന് ഇല്ല എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അതായത് ഇവിടെയുള്ളത് ഒരു വലിയ ഇറക്കമാണ്. ഇറക്കത്തിൽ വാഹനം നിർത്തിയാൽ വാഹനം മുന്നോട്ട് പോകും എന്നത് സ്വാഭാവികം ആണ്. എന്നാൽ കാണുന്നവർക്ക് ഇതൊരു കുന്നും വാഹനങ്ങൾ കുന്നിൻ മുകളിലേക്ക് പോകുന്നതായും തോന്നും എന്നാണ് അവരുടെ അഭിപ്രായം.
അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് വെളിപ്പെടുത്താൻ സാധിച്ചിട്ടില്ല.
വർഷത്തിൽ എപ്പോഴും ഈ റോഡുകളിലൂടെ സഞ്ചാരം അനുവദനീയം ആണെങ്കിലും ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ ആണ് ഇവിടം സന്ദർശിക്കാൻ പറ്റിയ നല്ല സമയം.
യാത്രകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം ആണ് മാഗ്നെറ്റിക് ഹിൽ.
Comments