വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. കൊറോണ ഇനി കാലാവസ്ഥയ്‌ക്കനുസരിച്ച് സീസണുകളിൽ വരുന്ന രോഗമായി മാറിയേക്കാമെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം എന്നീ അവസ്ഥകളിൽ രോഗപകർച്ച വീണ്ടും പ്രകടമാകുമെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്.
ലെബനനിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ടിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസ് നമ്മോടൊപ്പം തന്നെയുണ്ട്. അത് തുടരുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡോ ഹസൻ സാരാകാത്ത് പറയുന്നു. സമൂഹം ആർജിത പ്രതിരോധ ശേഷി കൈവരിക്കുന്നത് വരെ കൊറോണ ഓരോ വർഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
കൊറോണക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നത് വരെ സമൂഹം വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാർഗമെന്നും പഠനത്തിൽ പറയുന്നു. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വ്യക്തി ശുചിത്വം പാലിക്കൽ, സാനിട്ടൈസർ ഉപയോഗം, കൂട്ടം ചേരൽ ഒഴിവാക്കൽ എന്നിവ തുടരണമെന്നും ഡോ ഹസൻ മുന്നറിയിപ്പ് നൽകുന്നു.
സമൂഹം പ്രതിരോധ ശേഷി നേടുന്നത് വരെ കൊറോണയുടെ കൊറോണ വൈറസിന്റെ വിവിധ തരംഗങ്ങൾ ഉണ്ടാകും. കൊറോണ വൈറസിന് പലതരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ചതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൊറോണയ്‌ക്ക് ഉയർന്ന തോതിലുള്ള സംക്രമണ നിരക്ക് ഉണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.















