മൂകാംബികയിലെ ഔഷധ ഗുണമുളള കഷായ തീര്‍ത്ഥം

Published by
Janam Web Desk

സൗപര്‍ണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഒരുപാട് ഭക്തരാണ് നിത്യവും ദേവിയുടെ ദര്‍ശനത്തിനായി ഇവിടെ എത്തുന്നത്. ക്ഷേത്രത്തിലെ  പ്രധാനപ്പെട്ട പ്രസാദമാണ് കഷായ തീര്‍ത്ഥം. കുരുമുളക് , ഇഞ്ചി, തിപ്പലി എന്നിങ്ങനെ ഒരുപാട് ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ഈ കഷായ തീര്‍ത്ഥം. രാത്രി ഒന്‍പതു മണിക്കുള്ള കഷായ പൂജയ്‌ക്ക് ശേഷമാണ് കഷായ തീര്‍ത്ഥം ഭക്തര്‍ക്ക് കഴിക്കാനായി നല്‍കുന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന് പുറത്ത് വെച്ചാണ് കഷായ തീര്‍ത്ഥം ഭക്തര്‍ക്കായി വിതരണം ചെയ്യുക.

ഔഷധ ഗുണവും ദേവിയുടെ അനുഗ്രഹവും കൂടിയ ഈ കഷായ തീര്‍ത്ഥം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ക്ഷീണവും അസ്വസ്ഥതകളും ശമിക്കും എന്നാണ് വിശ്വാസം. അതിനായി ഒരുപാട് ഭക്തര്‍ കഷായ തീര്‍ത്ഥം കഴിക്കാനായി രാത്രി പൂജ കഴിയും വരെ കാത്തു നില്‍ക്കാറുണ്ട്. ശങ്കരാചാര്യര്‍ ദേവിയെ തപസ്സ് ചെയ്യുന്നതിനിടയില്‍ അസുഖ ബാധിതനായി എന്നും  അപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ രൂപത്തില്‍ എത്തിയ മൂകാംബിക ദേവി കഷായ തീര്‍ത്ഥം നല്‍കി എന്നും അതോടെ ശങ്കരാചാര്യരുടെ ജ്വരം മാറിയെന്നുമാണ് വിശ്വാസം.

അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ നിന്നും ഈ കഷായ തീര്‍ത്ഥം കുടിക്കുന്നവര്‍ക്ക് മാറാ വ്യാധിയില്‍ നിന്നു രക്ഷനേടാം എന്നൊരു വിശ്വാസം കൂടിയുണ്ട്. ദേവിയുടെ പ്രധാന നിവേദ്യമായ കഷായ തീര്‍ത്ഥം രാത്രി പൂജയ്‌ക്കു നേദിയ്‌ക്കുന്നു. ഇതിനോടനുബന്ധിച്ചും ഒരു പൂജയും ഉണ്ട്. ദേവിയെ മാത്രം പൂജിയ്‌ക്കുന്ന അഡിഗ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ സമൂഹമാണ് ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍. നവരാത്രി ആണ് ഇവിടുത്തെ പ്രധാന ഉത്സവകാലം. നവരാത്രി സമയത്താണ് കൊല്ലൂരിലേക്ക് കൂടുതലായി ജനങ്ങള്‍ വരുന്നതും.

Share
Leave a Comment