ന്യൂഡല്‍ഹി: 2025 ഓടെ രാജ്യം പൂർണമായും ക്ഷയരോഗത്തിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും 2025ല്‍ പൂര്‍ണ്ണമായും ക്ഷയരോഗമുക്തമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയുടെ ആരോഗ്യവിഭാഗത്തിന്റെ വെര്‍ച്വല്‍ സെമിനാറിലാണ് ആരോഗ്യമന്ത്രി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് മന്ത്രിമാരും ഐക്യരാഷ്‌ട്ര സഭയുടെ ആരോഗ്യ വിഭാഗത്തിലെ വിവിധ ഏജന്‍സികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യയെ ഈ നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ആഗോളതലത്തിലെ മൂന്നാംലോകരാജ്യങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ട്യൂബര്‍ക്കുലോസിസ്. ഇന്ത്യയില്‍ ഗ്രാമീണമേഖലകളിലടക്കം കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളാല്‍ ക്ഷയരോഗം നിയന്ത്രണവിധേയമാക്കി. 2016ല്‍ പത്തുലക്ഷമുണ്ടായിരുന്ന രോഗികളുടെ എണ്ണം 2019ലെത്തിയപ്പോള്‍ 2.4 ലക്ഷമാക്കികുറയ്‌ക്കാന്‍ സാധിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തം ആരോഗ്യ മേഖലയെ സഹായിച്ചതാണ് വളരെ എളുപ്പം രോഗമുക്തിനേടാന്‍ ജനങ്ങളെ സഹായിച്ചത്. എല്ലാ ജില്ലകളിലും ക്ഷയരോഗ പരിശോധന താഴെതട്ടില്‍ വരെ നടത്തിയാണ് രോഗമുക്തി നേടിയത്. രാജ്യത്താകെ 66000 രോഗികള്‍ മാത്രമാണ് മരുന്നുകളോട് പ്രതികരിക്കാത്തവരായി കണ്ടെത്തിയത്. അവര്‍ക്ക് അതിവിദഗ്ധ ചികിത്സ ലഭ്യമാക്കിയെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. രാജ്യത്തെ 30 ലക്ഷത്തോളമുണ്ടായിരുന്ന രോഗികള്‍ക്ക് പോഷകാഹാരവും മരുന്നും ലഭ്യമാക്കാന്‍ 812 കോടി രൂപ നേരിട്ട് രോഗികള്‍ക്ക് വിതരണം ചെയ്‌തെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
















Comments