വിവാഹം എന്നത് ജീവിതത്തിലെ ഒരു പ്രധാന സംഭവം തന്നെയാണ്. വിവാഹശേഷമുള്ള ദാമ്പത്യജീവിതം പലർക്കും പല അനുഭവങ്ങൾ ആയിരിക്കും സമ്മാനിക്കുക. ചിലരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാവുകയും ഉള്ളൂ. പലരും ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണെന്ന് തിരയാതെ ജീവിതം എപ്പോഴും ദുഃഖത്തിൽ ആണെന്ന് പറഞ്ഞ് വിഷമിക്കുന്നതും കാണാം.
പരസ്പരം മനസിലാക്കുക എന്നതാണ് ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഇനിയുള്ള ജീവിതത്തിൽ നിങ്ങൾ എന്ന വ്യക്തിയെ പൂർണ്ണനാക്കുന്നത് നിങ്ങളുടെ ജീവിതപാതിയാണ്. അതിനാൽ തന്നെ പരസ്പരം മനസിലാക്കിയുള്ള ജീവിതമാണ് സന്തോഷം നിറഞ്ഞതാവുക.
ഉള്ളുതുറന്ന് സംസാരിക്കുക. ഓരോ വാക്കുകളും വളരെ ആലോചിച്ചതിന് ശേഷം മാത്രം പറയുക. ബന്ധം നിലനിർത്തുന്നതിൽ പരസ്പരം സംസാരിക്കുക എന്നതിന് വലിയൊരു സ്ഥാനം തന്നെയുണ്ട്.
ജീവിതത്തിൽ സംഭവിക്കുന്നതെന്തും സ്വീകരിക്കാൻ തയ്യാറാവുക. നിങ്ങളുടെ പാതിയുടെ കുറ്റങ്ങളും കുറവുകളും മാത്രം നോക്കാതെ നല്ല വശങ്ങൾക്ക് പ്രാധാന്യം നൽകുക. ഈയൊരു അഭിപ്രായത്തോട് നിങ്ങൾക്ക് യോജിക്കാൻ സാധിക്കില്ലായിരിക്കാം. പക്ഷെ ദാമ്പത്യവിജയത്തിന് ഇതും ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.
എപ്പോഴും സീരിയസ് ആയി ഇരിക്കുന്നവരുടെ ദാമ്പത്യജീവിതം അത്ര വിജയകരമായിരിക്കില്ല. കളിയും ചിരിയും നിറഞ്ഞ ജീവിതം രസകരമാണ് എന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ നിങ്ങളുടെ പാതിയോടൊത്ത് രസകരമായ നിമിഷങ്ങൾ പങ്കുവെക്കുക. അതിൽ നിന്നും ആനന്ദം കണ്ടെത്തുക.
തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയെങ്കിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പഠിക്കുക. നിങ്ങളുടെ പാതിയുടെ അഭിപ്രായത്തിനും സ്ഥാനം നൽകുക. നിങ്ങളുടെ പ്രശ്നങ്ങൾക്കിടയിൽ കുടുംബത്തിലെ മറ്റുള്ളവരെയോ സുഹൃത്തുക്കളെയോ ഉൾപ്പെടുത്താതെ ഇരിക്കുക. അല്ലാത്തപക്ഷം പ്രശ്നം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. വിട്ടുകൊടുക്കുന്നതിൽ മോശം വിചാരിക്കാതിരിക്കുക. ഒത്തൊരുമിച്ചുള്ള ജീവിതത്തിൽ ‘ഞാൻ ആണ് വലുത്’ എന്ന ചിന്തയ്‌ക്ക് പ്രാധാന്യം ഇല്ല എന്ന് മനസിലാക്കുക
Comments