മുംബൈ ; മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്ക് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ കത്ത് .
‘ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?’ എന്നു പരിഹസിച്ചായിരുന്നു കത്ത്. ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ചു പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തയച്ചത്.
‘താങ്കള്‍ ഹിന്ദുത്വത്തിന്റെ വലിയ ആരാധകന്‍ ആയിരുന്നല്ലോ. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. ആഷാദി ഏകാദശിക്ക് പന്ദര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിറിലെത്തി പൂജ നടത്തുകയും ചെയ്തിരുന്നു. ദൈവത്തില്‍നിന്ന് എന്തെങ്കിലും താക്കീത് കിട്ടുന്നതു കൊണ്ടാണോ ആരാധനാലയങ്ങള്‍ തുറക്കുന്നതു താങ്കള്‍ മാറ്റിവച്ചുകൊണ്ടിരിക്കുന്നത്. അതോ ഒരു കാലത്ത് താങ്കള്‍ വെറുത്തിരുന്ന വാക്കായ ‘മതേതരം’ ആയി മാറിയോ?’ – ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു.
മറ്റു നഗരങ്ങളില്‍ ജൂണില്‍ തന്നെ ആരാധനാലയങ്ങള്‍ തുറന്നുവെന്നും അവിടെയൊന്നും കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകളും റസ്റ്റോറന്റുകളും, ബീച്ചുകളും തുറന്നെങ്കിലും നമ്മുടെ ദൈവങ്ങളെ മാത്രം ലോക്ഡൗണില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
















Comments