എല്ലാവരുടെയും ഇഷ്ടപ്പെട്ട കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സാമ്പാർ. ഇത് തന്നെ പലതരത്തിലുണ്ട്. പലതരത്തിലുള്ള പച്ചക്കറികളുടെയും സാമ്പാർ പൊടിയുടെയും ഒരു കൂട്ട് എന്നതിനപ്പുറം മിക്ക ആളുകളുടെയും ഒരു വികാരം കൂടിയാണ് സാമ്പാർ. പലതരത്തിലുള്ള സാമ്പാറുകളെയും ആ സാമ്പാറുകൾക്ക് രുചി കൂട്ടാനുള്ള ചില നുറുങ്ങുവിദ്യകളുമാണ് ഇവിടെയുള്ളത്.
അരച്ചുവിട്ട സാമ്പാർ
തമിഴ് ബ്രാഹ്മണ ശൈലിയിലാണ് ഈ സാമ്പാർ. സവാള, ഇഞ്ചി, സാമ്പാർ പൊടി എന്നിവയില്ലാതെ ആണ് അരച്ചുവിട്ട സാമ്പാർ ഉണ്ടാക്കുന്നത്.
ചുവന്ന മുളകാണ് സാമ്പാറിന്റെ നിറത്തെ സ്വാധീനിക്കുന്നത്.
കടുക്, ജീരകം, ഉലുവ, മല്ലി, കുരുമുളക്, പൊട്ടുകടല, ഉണക്കമുളക്, കറിവേപ്പില എന്നിവ ചൂടാക്കിയതിന് ശേഷം കൊപ്രയോടൊത്ത് അരച്ചെടുക്കുക.
ഒന്നോ രണ്ടോ ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുന്നതിലൂടെ സാമ്പാറിന് കൊഴുപ്പും ഉണ്ടാകുന്നു. സാമ്പാറിന് കട്ടി കൂടുതൽ തോന്നുകയാണെങ്കിൽ വെള്ളം ചേർക്കാൻ മറക്കരുത്.
കേരള സ്റ്റൈൽ സാമ്പാർ
തനി നാടൻ സാമ്പാർ തന്നെയാണ് കേരള സ്റ്റൈൽ സാമ്പാർ. വഴുതനങ്ങ ചേർക്കുന്നുണ്ടെങ്കിൽ അരിഞ്ഞതിന് ശേഷം 10-15 മിനിറ്റ് നേരം ഉപ്പുവെള്ളത്തിൽ ഇട്ട് വെച്ചതിന് ശേഷം മാത്രം സാമ്പാറിൽ ചേർക്കുക.
കൂടുതൽ പച്ചക്കറികൾ ചേർക്കാതിരിക്കുക.
കടുക്, ജീരകം, ഉലുവ, മല്ലി, കുരുമുളക്, പൊട്ടുകടല, ഉണക്കമുളക്, കറിവേപ്പില എന്നിവ ചൂടാക്കിയതിന് ശേഷം നാളികേരം, സവാള എന്നിവയോടൊത്ത് ചേർത്ത് അരയ്‌ക്കുക.
പച്ചക്കറികൾ പകുതി വെന്തതിന് ശേഷം മാത്രം പുളി ചേർക്കുക.
തക്കാളി സാമ്പാർ
മൂന്നോ നാലോ തക്കാളി എടുക്കുക. പരിപ്പും അരിഞ്ഞെടുത്ത തക്കാളി, സവാള എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. നാലോ അഞ്ചോ വിസിലിന് ശേഷം തീ കുറച്ച് കുക്കർ തുറക്കുക. ശേഷം പുളി വെള്ളം ചേർക്കുക. സാമ്പാർ പൊടിയും ഉപ്പും ചേർക്കുക. ഇഡലിക്ക് ഒപ്പമാണ് കഴിക്കുന്നതെങ്കിൽ സാമ്പാറിൽ വെള്ളം കൂടുതൽ ഉള്ളത് നന്നായിരിക്കും. ചോറിനോടൊപ്പം ആണെങ്കിൽ കുറച്ച് കട്ടിയോടെയുള്ള സാമ്പാർ ആണ് നന്ന്.
Comments