തിരുവനന്തപുരം: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് നൽകി. സമൂഹത്തിലെ എല്ലാ വിഭാഗവും കൊറോണയെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും ഫീസിന്റെ 25 ശതമാനം ഇളവ് നൽക്കേണ്ടത് പഠനം മുടങ്ങാതിരിക്കാൻ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫീസ് അടയ്‌ക്കാത്ത കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. നിലവില്‍ 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്‌കൂളുകള്‍ വീണ്ടും ഇളവ് നല്‍കേണ്ടതില്ല. കൊറോണ മഹാമാരിയുടെ പ്രത്യേക സാഹചര്യം കുറയുന്ന സാഹചര്യത്തിൽ ഇളവ് നീക്കുന്ന കാര്യത്തില്‍ തീരുമാനിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
Comments