ന്യൂഡൽഹി; പൊതുവേദിയിൽ വെച്ച് ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ രാഷ്‌ട്രീയ നേതാവിനെതിരെ ഇത്തരം നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്നതിന് ഒരു ന്യായീകരണവും കണ്ടെത്താൻ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഗാന്ധി കുടുംബം ഇക്കാര്യത്തിൽ തികച്ചും നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സ്മൃതി ഇറാനി വിമർശിച്ചു.
ഒരു സ്ത്രീക്കെതിരെ ഇത്രയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് ഗാന്ധി കുടുംബം കമൽനാഥിനെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നില്ല. കമൽ നാഥോ ദിഗ്‌വിജയ് സിങ്ങോ ആരുമാകട്ടെ, ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്‌ക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ഇവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കില്ല. ഈ നേതാക്കൾ സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കമൽ നാഥിനെതിരെ വിമർശനം ഉന്നയിച്ചു. ഞങ്ങളുടെ സഹോദരിയെ പൊതുവേദിയിൽ അപമാനിച്ചതിന് കമൽ നാഥിനെതിരെ കോൺഗ്രസ് നടപടി എടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാനും ആവശ്യപ്പെട്ടു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കമൽനാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അറിയിച്ചിരുന്നു. വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ കമൽനാഥിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് കമൽ നാഥ് ബിജെപി വനിതാ നേതാവ് ഇമാർതി ദേവിക്കെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഗ്വാളിയാറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമാർതി ദേവിയെ കമൽനാഥ് അപമാനിച്ചത്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയെ പോലെ ഐറ്റം അല്ലെന്നായിരുന്നു കമൽനാഥ് പറഞ്ഞത്. പരാമർശത്തിൽ കമൽനാഥിനെതിരെ ബിഎസ്പി നേതാവ് മായാവതി ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.
















Comments