ടോക്കിയോ: അമേരിക്കയുടെ പെസഫിക്കിലെ മുന്നേറ്റങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജാഗ്രതയോടെ ജപ്പാൻ. ചൈനയുടെ തെക്കൻ കടലിലെ നീക്കങ്ങളെ നിരീക്ഷിക്കുന്നത് തുടരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ പറഞ്ഞു. ഇന്തോനേഷ്യയിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായ വാർത്താ സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. പെസഫിക് മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ജപ്പാന്റെ വാണിജ്യ സാധ്യത. ഇത് ഒരു സൈനിക നടപടികൊണ്ട് ഇല്ലാതാക്കാനാണ് ചൈനയുടെ ഭീഷണിയെന്നും സുഗ പറഞ്ഞു. ചൈനയുടെ നീക്കത്തെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും സുഗ കൂട്ടിച്ചേർത്തു. ഒരു ആക്രമണം എന്നതിനേക്കാൾ ചൈനയെ ശക്തമായി പ്രതിരോധിക്കാൻ ജപ്പാനിലെ നാവിക സേന സുസജ്ജമാണെന്നും സുഗ പറഞ്ഞു.
അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സഖ്യത്തിന്റെ പ്രതിരോധ നയങ്ങളുടെ തുടർച്ചയുടെ ഭാഗമായി പെസഫിക്കിൽ യുസ്- ഇന്ത്യ-ജപ്പാൻ-ഓസ്ട്രേലിയ സംയുക്ത നാവിക അഭ്യാസം അടുത്തമാസം ആദ്യം നടക്കും. തെക്കൻ ചൈനാ കടലിൽ ബ്രൂണേ, വിയറ്റ്‌നാം, ഹോങ്കോംഗ്, തായ്‌വാൻ എന്നീ രാജ്യങ്ങളെല്ലാം ചൈനയുടെ കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ക്വാഡ് സഖ്യം രൂപീകരിച്ചത്. ഷിൻ സോ ആബെ പ്രധാനമന്ത്രിയായിരിക്കേ പെസഫിക്കിലെ നാവികസേനാ വ്യൂഹത്തിന്റെ ചുമതലയിൽ അമേരിക്ക ജപ്പാനെ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 22-ാമത് അന്തർവാഹിനി കടലിലിറക്കി ജപ്പാൻ തങ്ങളുടെ സൈനിക മികവ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു. ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകൾക്ക് മേൽ ചൈനയുടെ കണ്ണുള്ളത് ഭീഷണിയായി അമേരിക്കയും ക്വാഡ് സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
















Comments