കോഴിക്കോട്ടുക്കാര്‍ക്ക് ചിരിയുടെ ഒറ്റമൂലി നല്‍കിയ ഒരു വൈദ്യന്‍, നിഷ്‌കളങ്കമായ ചിരിയുമായി നിറഞ്ഞു നിന്ന രാമദാസ് വൈദ്യര്‍. പൊങ്ങച്ചങ്ങളെ പരിഹസിച്ചും സമൂഹത്തിലെ തിന്‍മകളെ നര്‍മ്മത്തിലൂടെ തുറന്നു കാട്ടുകയും ചെയ്ത രാമദാസ് വൈദ്യര്‍ ഫലിതപ്രിയന്‍ മാത്രമായിരുന്നില്ല. മികച്ച ഒരു വൈദ്യന്‍ കൂടിയായിരുന്നു. സ്വര്‍ണമെഡലോടെ ഒന്നാമനായാണ് ഇദ്ദേഹം കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യപഠനം പൂര്‍ത്തിയാക്കിയത്. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ പി എസ് വാര്യരുടെ ശിഷ്യനായിരുന്നു വൈദ്യരുടെ അച്ഛന്‍ കാളൂര്‍ നീലകണ്ഠന്‍ വൈദ്യര്‍. കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശാന്തിയായിരുന്ന അദ്ദഹം ശ്രീനാരായണ ഗുരുവിന്റെ ഉപദേശ പ്രകാരമാണ് വൈദ്യം പഠിച്ചതെന്ന് പറയപ്പെടുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിലുളള എല്ലാവരുമായും വൈദ്യര്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. വയലാര്‍, മലയാറ്റൂര്‍, ബഷീര്‍, തകഴി, എസ് കെ പൊറ്റെക്കാട്, ഒ വി വിജയന്‍, എം ടി. അടൂര്‍ ഗോപാലകൃഷ്ണന്‍, തിക്കോടിയന്‍ തുടങ്ങി കേരളത്തിലെ പ്രധാന എഴുത്തുകാരുടെയെല്ലാം പ്രിയ കൂട്ടുകാരന്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് കിഴക്കു വശത്ത് വൈദ്യര്‍ നീലഗിരി ലോഡ്ജ് സ്ഥാപിച്ചു. പരിസരത്ത് അമ്പലം ഉള്ളതു കൊണ്ട് ഈ ലോഡ്ജിന്റെ ബോര്‍ഡില്‍ ടെംപിള്‍ അറ്റാച്ച്ഡ് എന്നെഴുതിയിരുന്നു. ‘ഫോര്‍ മിസെറബിള്‍ സ്റ്റേ’ എന്നാണ് നീലഗിരിയുടെ ടാഗ് ലൈന്‍. ഒരുപാട് പ്രശസ്തര്‍ ഇവിടെ വന്നു പോയിട്ടുണ്ട്. കൂടാതെ ഒരു തെങ്ങുകയറ്റ കോളേജും ആരംഭിച്ചു.
കോഴിക്കോടിനെ ഒരുപാട് സ്‌നേഹിച്ച യു കെ എസ് ചൗഹാനായിരുന്നു തെങ്ങില്‍ കയറിക്കൊണ്ടു തന്നെ തെങ്ങുകയറ്റ കോളേജ് ഉദ്ഘാടനം ചെയ്തത്. ചിരിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു അന്ന്. റാമ്പുകളില്‍ പൂച്ച നടത്തത്തിന് സുന്ദരിമാര്‍ ചുവടുവയ്‌ക്കാന്‍ തുടങ്ങിയ സമയത്ത് അതിനെ പരിഹസിക്കാനായി വൈദ്യര്‍ വിരൂപറാണി, വിരൂപരാജന്‍ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട്ട് വിജയകരമായി നടത്തിയ ഈ മത്സരത്തിന് വലിയ മാദ്ധ്യമ ശ്രദ്ധയും കിട്ടി. തന്റെ ഭാര്യക്ക് അന്‍പത്തിയഞ്ച് വയസ്സു തികഞ്ഞപ്പോള്‍ പെന്‍ഷന്‍ നല്‍കിക്കൊണ്ടാണ് വൈദ്യര്‍ പരിഹസിച്ചത്. ഇത്രയും കാലത്തെ സേവനത്തിനുളള പെന്‍ഷന്‍. ദുഃഖം മറയ്‌ക്കാനുള്ള മരുന്നാണ് ചിരി എന്നായിരുന്നു വൈദ്യര്‍ എല്ലാവരെയും ഓര്‍മിപ്പിക്കാറുളളത്.
Comments