ശ്രീനഗർ : ദേശീയതയേയും ത്രിവർണ പതാകയേയും അവഹേളിക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ട്.എസ് ബജ്‌വ, വേദ് മഹാജൻ , ഹുസ്സൈൻ വഫ എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.മെഹബൂബയുടെ രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കൾ രാജിവെച്ചത്.
“ദേശഭക്തിയെ അവഹേളിക്കുന്ന തരത്തിലുള്ള താങ്കളുടെ നീക്കങ്ങൾ സഹിക്കാൻ കഴിയില്ല. ഈ രീതിയിൽ പാർട്ടിയിൽ നിൽക്കൽ ബുദ്ധിമുട്ടാണ് “. നേതാക്കൾ മെഹബൂബക്കയച്ച രാജിക്കത്തിൽ വ്യക്തമാക്കുന്നു.
കശ്മീരിന്റെ അമിതാധികാരവും പ്രത്യേക പതാകയും പുനസ്ഥാപിച്ചില്ലെങ്കിൽ ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കശ്മീരിൽ ഉയരുന്നത്. പിഡിപി ഓഫീസിനു നേരേ ആക്രമവുമുണ്ടായി. ബിജെപി തിരംഗയാത്ര നടത്തിയാണ് പ്രതിഷേധം അറിയിച്ചത്.
കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനെതിരെ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ സഖ്യം രൂപീകരിച്ചിരുന്നു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും സഖ്യത്തിൽ ചേർന്നിട്ടുണ്ട്.















