ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും അപകടകാരിയായ കളനാശിനികളിലൊന്നായി കണക്കാക്കപ്പെടുന്ന പാരാക്വാറ്റ് ഡൈക്ലോറൈഡിന് രാജ്യവ്യാപകമായി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. അന്തിമ വിജ്ഞാപനം നിലവില്‍ വന്നാല്‍ പാരാക്വാറ്റിന്റെ ഇറക്കുമതി, നിര്‍മ്മാണം, വില്‍പ്പന, ഗതാഗതം, വിതരണം, ഉപയോഗം എന്നിവ രാജ്യത്ത് പൂര്‍ണമായും നിരോധിക്കപ്പെടും. കീടനാശിനി നിയമം, 1968-ലെ സെക്ഷന്‍ 27 പ്രകാരമാണ് നടപടി.
കരട് വിജ്ഞാപനമായതിനാല്‍ 2026 ജൂലൈ 13 മുതല്‍ 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കും. ലോകത്ത് 70-ലേറെ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന എന്നിവ ഉള്‍പ്പെടെ, പാരാക്വാറ്റ് നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ചില കാര്‍ഷിക വിളകളില്‍ ഇതിന്റെ ഉപയോഗം അനുവദിച്ചിരുന്നതാണ്.
പാരാക്വാറ്റിന് പ്രത്യേക പ്രതിവിഷമില്ലെന്നതാണ് ഇതിനെ അതീവ അപകടകാരിയാക്കുന്നത്. ചെറിയ അളവില്‍ പോലും ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വാസകോശത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും വൃക്ക, കരള്‍, ചര്‍മ്മം, കണ്ണ് എന്നിവയെ ബാധിക്കുകയും ചെയ്യും. അബദ്ധത്തില്‍ കുടിക്കുന്നതിലൂടെയോ തളിക്കുന്ന സമയത്ത് ശ്വസിക്കുന്നതിലൂടെയോ തുറന്ന മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയോ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഔദ്യോഗികമായി ചായ, ഉരുളക്കിഴങ്ങ്, പരുത്തി, റബര്‍, കാപ്പി, നെല്ല്, ചോളം, ഗോതമ്പ്, മുന്തിരി എന്നീ ഒമ്പത് വിളകളില്‍ മാത്രമാണ് പാരാക്വാറ്റ് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് മുമ്പ് വിളകള്‍ വേഗത്തില്‍ ഉണങ്ങാന്‍ ഇത് ദുരുപയോഗം ചെയ്തിരുന്നതായും, ഇതിലൂടെ ഭക്ഷ്യശൃംഖലയിലേക്ക് രാസാവശിഷ്ടങ്ങള്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അന്തിമ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ പാരാക്വാറ്റുമായി ബന്ധപ്പെട്ട എല്ലാ രജിസ്‌ട്രേഷനുകളും റദ്ദാകും. രജിസ്‌ട്രേഷന്‍ നേടിയ കമ്പനികളും വിതരണക്കാരും മൂന്ന് മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ സമര്‍പ്പിക്കണം. നിയമലംഘകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാനും കേന്ദ്രം നിര്‍ദേശം നല്‍കും. പാരാക്വാറ്റിന് പിന്നാലെ ഗ്ലൈഫോസേറ്റ്, 2,4-ഡി, ഡൈമിത്തോയേറ്റ്, അസിഫേറ്റ് തുടങ്ങിയ ആരോഗ്യ-പരിസ്ഥിതി ആശങ്കകള്‍ ഉയര്‍ത്തുന്ന മറ്റ് കീടനാശിനികളുടെയും ഉപയോഗം സര്‍ക്കാര്‍ പുനഃപരിശോധിക്കുമോയെന്ന ചര്‍ച്ചയും ശക്തമായിരിക്കുകയാണ്.















