ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടിയെത്തി. ഫ്രാന്‍സില്‍ നിന്നുള്ള രണ്ടാം ബാച്ച് വിമാനങ്ങളാണ് ജാംനഗറില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.14ഓടെയാണ് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങിയത്.
ഫ്രാന്‍സില്‍ നിന്നും നോണ്‍ സ്റ്റോപ്പായിട്ടാണ് മൂന്ന് വിമാനങ്ങളും എത്തിയിരിക്കുന്നത്. വെറും 8 മണിക്കൂറുകള്‍ കൊണ്ടാണ് വിമാനങ്ങള്‍ ഫ്രാന്‍സിന്റെ വ്യോമതാവളത്തില്‍ നിന്നും ഇന്ത്യയിലെത്തിയത്. മൂന്ന് തവണ ആകാശത്തുവെച്ചു തന്നെ വിമാനങ്ങളില്‍ ഇന്ധനം നിറച്ചിരുന്നു. ഇതിലൂടെ ദൈര്‍ഘ്യമേറിയ ഓപ്പറേഷനുകള്‍ നടത്താനുള്ള റഫേലുകളുടെ കഴിവാണ് വ്യക്തമായിരിക്കുന്നത്.
ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 29 നാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതോടെ ആകെ 8 റഫേല്‍ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
Comments