രാത്രിയിലെ അത്താഴത്തിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം പലർക്കും ഉള്ളതാണ്. ഉറങ്ങുന്നതിന് മുന്നേ കഴിക്കുന്ന പല ലഘുഭക്ഷണങ്ങളും ശരീരത്തിന് നല്ലതല്ല. അത്തരത്തിലുള്ള ലഘുഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കാബേജ്, കോളിഫ്ലവർ എന്നീ പച്ചക്കറികൾ ശരീരത്തിന് നല്ലതാണെങ്കിലും ഉറങ്ങാൻ പോകുന്നതിന് മുൻപ് ഇവ കഴിക്കുന്നത് നല്ലതല്ല. ഉറങ്ങുന്നതിന് മുന്നേ നാം കഴിച്ച ഭക്ഷണത്തിലെ ഫൈബർ വസ്തുക്കൾ ദഹിക്കേണ്ടതായുണ്ട്. എന്നാൽ കാബേജ്, കോളിഫ്ലവർ എന്നീ പച്ചക്കറികൾ ഉറങ്ങുന്നതിന് തൊട്ടുമുന്നേ കഴിക്കുമ്പോൾ ദഹനം പൂർണമാകാതെ വരുന്നു. ഇത് ഉറക്കത്തെ സാരമായി ബാധിക്കുന്നു. അതിനാൽ ഉറങ്ങുന്നതിന് തൊട്ടുമുന്നേ ഇത്തരം വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താതെയിരിക്കുക.
ഐസ് ക്രീം, പാൽ കട്ടി എന്നിവയും ഉറങ്ങുന്നതിന് തൊട്ടുമുന്നേ കഴിക്കുന്നത് നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കൊഴുപ്പും ഉറക്കത്തെ തടയാൻ കാരണമാകുന്നു. കേക്കുകളും മിട്ടായികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഉറങ്ങുന്നതിന് തൊട്ടുമുന്നേ തക്കാളി കഴിക്കുന്നതും നല്ലതല്ല. എന്തെന്നാൽ തക്കാളിയിൽ അടങ്ങിയിരിക്കുന്ന ഒരു തരം അമിനോ ആസിഡ് ആയ ടൈറാമിൻ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുകയും ഇത് ഉറക്കം വൈകാൻ കാരണമാവുകയും ചെയ്യുന്നു.
വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കുന്നു. പൂർണമായി ദഹനം നടന്നില്ലെങ്കിൽ അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ഉറങ്ങുന്നതിന് തൊട്ടുമുന്നേ ആൽക്കഹോൾ, വൈൻ എന്നിവ കുടിക്കുന്ന ശീലമുള്ളവർ എത്രയും പെട്ടെന്ന് തന്നെ ആ ശീലം നിർത്തുക. ഇവ കുടിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുമെങ്കിലും പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുകയും ഇത് നിങ്ങളുടെ ആ ഒരു ദിവസത്തെ മുഴുവനായി ബാധിക്കുകയും ചെയ്യും.
ചായ, കാപ്പി, ചോക്ലേറ്റുകൾ എന്നിവ ഉറക്കത്തിന് തൊട്ടുമുന്നേ കഴിക്കാതിരിക്കുക. എന്തെന്നാൽ ഈ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ ശരീരത്തെ കൂടുതൽ ഊർജസ്വലമാക്കുന്നു. ഇത് ഉറക്കം വൈകാൻ കാരണമാകുന്നു.
മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിലെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ ശരീര താപനില വർധിക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തെ സാരമായി ബാധിക്കാൻ കാരണമാവുകയും ചെയ്യുന്നു.
Comments