ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘർഷ സാധ്യത തുടരുന്നതിനിടെ പ്രതിരോധ മേഖലയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിന്നുള്ള ഹാമര്‍ മിസൈലുകള്‍ ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. റഫേൽ വിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ഹാമർ മിസൈലുകളാണ് ഉടൻ ഇന്ത്യയിലെത്തുക.
60-70 കിലോ മീറ്റര്‍ ദൂരപരിധിയില്‍ ആക്രണം നടത്താന്‍ കഴിവുള്ള ഹാമര്‍ മിസൈലുകള്‍ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയ്‌ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഹാമര്‍ മിസൈലുകള്‍ സജ്ജീകരിച്ച് റഫേല്‍ യുദ്ധ വിമാനങ്ങളുടെ പ്രഹര ശേഷി വര്‍ധിപ്പിക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം. ഫ്രഞ്ച് വ്യോമസേനയുടെ പക്കൽ സ്റ്റോക്കുള്ള മിസൈലുകളാണ് അടിയന്തര ആവശ്യം പരിഗണിച്ച് ഇന്ത്യയ്‌ക്ക് കൈമാറുന്നത്.
എയർ ടു സർഫസ് മിസൈലായ ഹാമർ ഫ്രഞ്ച് വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കുമായി പ്രത്യേകം നിര്‍മ്മിച്ചതാണ്. പര്‍വത മേഖലകളിലടക്കം ആക്രമണം നടത്താനുള്ള ശേഷിയാണ് ഹാമർ മിസൈലുകൾ വാങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. മലമുകളിലുള്ള ബങ്കറുകളും സൈനിക താവളങ്ങളും കൃത്യമായി തകര്‍ക്കാന്‍ ഈ മിസൈലിന് കഴിയും. അതിനാൽ തന്നെ കിഴക്കൻ ലഡാക്ക് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ഹാമർ മിസൈലുകൾ ഇന്ത്യയ്‌ക്ക് മുൻതൂക്കം നൽകും. നിലവിൽ 8 റഫേൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവയിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.















