ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉൾപ്പെടെ ആറ് യുവതാരങ്ങൾക്കാണ് അവസരം നൽകുന്നത്. സഞ്ജുവിനും ദേവ്ദത്തിനുമൊപ്പം സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ എന്നിവരെയാണ് ഗാംഗുലി ഈ സീസണിലെ മികച്ച യുവതാരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകുമെന്ന് ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ടീമിൽ നിന്ന് മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവിനെ തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹർഭജൻ സിംഗ്, ഇന്ത്യൻ ക്യാപ്റ്റനും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കർ തുടങ്ങിയവരൊക്കെ സെലക്ടർമാരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ഗാംഗുലി സെലക്ടർമാരോട് വിശദീകരണം നൽകണമെന്ന് വെങ്സാർക്കർ പറഞ്ഞിരുന്നു. എല്ലാവരും ക്ഷമയോടെ ഇരിക്കണമെന്നും അവസരം ലഭിക്കുമെന്നും രവി ശാസ്ത്രിയും പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.
















Comments