ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം.
1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ് അന്ന് ഇന്ത്യ മെഡൽ നേടിയെടുത്തത്.
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിൽ ജോസഫ് ബോവർ- സാറ ദമ്പതികളുടെ മകനായാണ് മാനുവല്‍ ജനിച്ചത്. കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 12ാം വയസ്സിലാണ് ഹോക്കിയിലുള്ള അരങ്ങേറ്റം.സ്‌കൂളിലെ ഫുട്ബോൾ ടീം വഴിയാണ് ഹോക്കിയിൽ സജീവമായത്. 17-ാം വയസിൽ ബോംബെ ഗോൾഡ് കപ്പിലും കളിച്ചു. ബംഗളൂരു ആർമി സർവീസ് കോറിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. അന്തരിച്ച ശീതളയാണ് ഭാര്യ. ഫ്രെഷീന പ്രവീൺ (ബംഗളൂരു), ഫെനില (മുംബൈ) എന്നിവർ മക്കളാണ്.















