ജമ്മു: ജമ്മുകശ്മീര്‍ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന പ്രകോപന പ്രസംഗവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീരിലെ യുവാക്കള്‍ നിരാശരാണെന്നും അവര്‍ വീണ്ടും ആയുധംകയ്യിലേന്തുമെന്നും ഒമര്‍ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി. താഴ്‌വര വീണ്ടും കുരുതിക്കളമാക്കരുതെന്നുമുള്ള ഭീഷണിയും പൊതുയോഗത്തില്‍ ഒമര്‍ ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ ജമ്മുകശ്മീര്‍ നയം മുഴുവന്‍ തെറ്റായ രീതിയിലാണ്. 2012 മുതല്‍ 2014 വരെ കശ്മീരിലെ ഒരു യുവാവ് പോലും ആയുധം ഏന്തിയിരുന്നില്ല. അന്ന് 10 വര്‍ഷം കൊണ്ട് ഭീകരരായി മാറിയ കണക്കിനേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ഒമര്‍ ആരോപിക്കുന്നത്.
ഇന്ത്യവിരുദ്ധ പ്രസ്താവനയും ദേശീയപതാകക്കെതിരായ മെഹബൂബാ മുഫ്തിയുടെ ആഹ്വാനത്തിനും ശേഷം ഒമറിന്റെ പ്രസംഗത്തിനെതിരെ താഴ്‌വരയില്‍ വലിയ പ്രതിഷേധമാണുയരുന്നത്. 370, 35 എ എന്നീ വകുപ്പുകളെടുത്ത് കളഞ്ഞുകൊണ്ട് ജമ്മുകശ്മീരിന്റെ അസ്ഥിത്വം കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചു. മുമ്പത്തേക്കാള്‍ ജനങ്ങള്‍ പൊതു ഇന്ത്യയില്‍ നിന്നും അകന്നുവെന്നുമാണ് ഒമര്‍ പ്രസംഗിച്ചത്. ഒരു വികസനവും ജമ്മുകശ്മീരില്‍ നടക്കുന്നില്ലെന്നും ഒമര്‍ ആരോപിച്ചു.
ഒരു വര്‍ഷവും മൂന്നുമാസവും പല പദ്ധതികളും ആരംഭിക്കാന്‍ വേണ്ടത്ര സമയ ദൈര്‍ഘ്യമാണ്. എന്നാല്‍ പദ്ധതികളാരംഭിച്ചിട്ടില്ല. ഞങ്ങളാരും സ്വന്തം നാട്ടില്‍ സുരക്ഷിതരല്ലെന്നും ഒമര്‍ പരാതിപ്പെട്ടു. ജമ്മുകശ്മീര്‍ പാകിസ്താനോടൊപ്പം പോകണമായിരുന്നെങ്കില്‍ 1947ല്‍ സംഭവിച്ചേനെ. എന്നാല്‍ മഹാത്മാ ഗാന്ധിയുടെ ഇന്ത്യ ഒരിക്കലും അത്തരം അവസ്ഥയിലേക്ക് പോകില്ല എന്ന് ഉറപ്പുണ്ടെന്ന് ഒമറിന്റെ അച്ഛന്‍ ഫറൂഖ് അബ്ദുള്ള യോഗത്തില്‍ പറഞ്ഞു.
ഒമറിന്റേയും ഫറൂഖിന്റേയും നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തി. ജമ്മുകശ്മീരിലെ പാക് ഭീകരന്മാരെ പിന്തുണയ്‌ക്കുന്ന നയം ഉടന്‍ ഒമര്‍ നിര്‍ത്തണമെന്നും വികസനം സ്വന്തം വീട്ടിലേക്കല്ല സമൂഹത്തിലേക്കാണ് എത്തേണ്ടതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
















Comments