തൃശൂർ: എടിഎം തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ പോലീസ് അറസ്റ്റിൽ. പാലക്കാട് സ്വാദേശിയായ 37 കാരൻ രഞ്ജിത്് കുമാറാണ് പിടിയിലായത്. എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ചുള്ള മോഷണത്തിനു രഞ്ജിത്കുമാറിനെ പ്രേരിപ്പിച്ചത് ‘റോബിൻ ഹുഡ്’ സിനിമയാണ്. ഇന്റർനെറ്റിൽ തിരഞ്ഞ് എടിഎം മെഷീനുകളുടെ സുരക്ഷയും പ്രത്യേകതകളും മനസിലാക്കിയ ശേഷമാണ് മോഷണത്തിനിറങ്ങിയത്. രണ്ടിടത്ത് എടിഎം തകർത്ത ഇയാൾ കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളിൽ പ്രതിയാണ്.
പൃഥ്വിരാജ് നായകനായി 2009ൽ പുറത്തിറങ്ങിയ റോബിൻ ഹുഡ് ചിത്രത്തിന്റെ ഇതിവൃത്തം എടിഎം മോഷണമായിരുന്നു. സച്ചിസേതു രചിച്ച് ജോഷി സംവിധാനം നിർവഹിച്ച ക്രൈം ത്രില്ലർ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രഞ്ജിത്് കുമാർ എടിഎം തകർത്തുള്ള മോഷണത്തിനിറങ്ങിയത്. പോലീസ് നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് അവർ കടന്നുപോയതിനു ശേഷവുമായിരുന്നു ഇയാളുടെ ഓപ്പറേഷനുകൾ.
എടിഎം മുറി വൃത്തിയാക്കിയാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുൻഭാഗം കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലർച്ചെ ചാലക്കുടിയിലും എടിഎമ്മിൽ മോഷണ ശ്രമം നടന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർക്കാനാണ് ശ്രമം നടന്നത്.
പ്രതിയെ ചാലക്കുടിയിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി. എടിഎം തകർക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും കാറിൽനിന്നു കണ്ടെത്തി. പ്രതിയെ ഇന്നു സംഭവ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കോടതിയിൽ ഹാജരാക്കും.
തമിഴ്‌നാട്ടിലും സ്വദേശമായ പാലക്കാട്ടും വിവിധകേസുകളിൽ പ്രതിയായതോടെ വർഷങ്ങളായി ആലുവ കേന്ദ്രീകരിച്ചായിരുന്നു താമസം. അയൽവാസികളെയും വീട്ടുടമയേയും ടാക്‌സി സർവീസ് കമ്പനി ഉടമയെന്നു ധരിപ്പിച്ചായിരുന്നു ആഡംബര ജീവിതം നയിച്ചത്. സ്വന്തം ടാക്‌സി കാറിലാണു മോഷണത്തിനെത്തിയത്. പോലീസ് അന്വേഷണം വഴിതിരിക്കാൻ ടാക്‌സി കാറിലുള്ള സഞ്ചാരം ഉപകരിക്കുമെന്നും രഞ്ജിത് കണക്കുകൂട്ടിയിരുന്നു.
















Comments