അയോദ്ധ്യ: ശ്രീരാമജന്മഭൂമിയിലെ ദീപോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു ലക്ഷത്തിലേറെ ചിരാതുകള്‍ അണിനിരത്തിയുള്ള ദീപാലങ്കാര പരിപാടിയുടെ മുന്നൊരുക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌ക്കാരിക വകുപ്പും അയോദ്ധ്യാ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും സംയുക്തമായാണ് ദീപോത്സവം ആസൂത്രണം ചെയ്തിട്ടുള്ളത്. ആകെ അഞ്ചു ലക്ഷത്തി അന്‍പത്തൊന്നായിരം ചിരാതുകളാണ് ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്നത്.
സരയൂ നദിക്കരയിലെ രാം കീ പൈഡീ കടവുകളെ ദീപങ്ങളാല്‍ കമനീയമായി അലങ്കരിച്ചാണ് നാളെ ദീപാവലി ആഘോഷം നടത്തുന്നത്. ശ്രീരാമന്റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖാചിത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കാന്‍ പാകത്തിന് തയ്യാറാക്കിക്കഴിഞ്ഞു. ഇവയ്‌ക്കൊപ്പം 25 ശില്‍പ്പങ്ങളും തയ്യാറാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് ലളിതകലാ അക്കാദമിയാണ് ശ്രീരാമ രൂപങ്ങളെല്ലാം തയ്യാറാക്കിയത്. ആയിരത്തിലേറെ കലാകാരന്മാര്‍ ഒരു മാസത്തിലേറെയായി നടത്തിയ മികച്ച തയ്യാറെടുപ്പാണ് നാളെ ദീപങ്ങളാല്‍ ശോഭിക്കാന്‍ പോകുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
ദീപാവലി ആഘോഷങ്ങള്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെ അയോദ്ധ്യയില്‍ ആരംഭിക്കും. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. കൊറോണ പ്രോട്ടോക്കോള്‍ ഉള്ളതിനാലും പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുകയാണ്.
Comments