ടോക്കിയോ: ബാലിസ്റ്റിക് മിസൈലുകളടക്കം പെസഫിക്കിലേക്ക് കേന്ദ്രീകരിപ്പിച്ച ചൈനക്കെതിരെ ശക്തമായ നീക്കവുമായി ജപ്പാന്‍. ചൈനയെ പെസഫിക്കില്‍ പ്രതിരോധിക്കാന്‍ ചൈനയുടെ വ്യാപാര ഭീഷണിയെ മറികടന്ന് ഓസ്‌ട്രേലിയയും ജപ്പാനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തന്ത്രപരമായ പ്രതിരോധ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ശേഷം പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഇതാദ്യമായാണ് ഒപ്പുവയ്‌ക്കുന്നത്. തെക്കന്‍ ചൈനാ കടലിലെ ചൈനയുടെ സൈനികവിന്യാസം കണക്കിലെടുത്തു തന്നെയാണ് ജപ്പാന്റെ നീക്കം.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണിന്റെ ജപ്പാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് റെസ്‌പ്രോക്കല്‍ ആക്‌സെസ്സ് എഗ്രിമെന്റ് എന്ന പേരിലുള്ള സംയുക്ത കരാര്‍ ജപ്പാന്‍ പ്രധാനമന്ത്രി സുഗ ഒപ്പുവെച്ചത്. ആറുവര്‍ഷത്തേക്കാണ് നിലവിലെ കരാറിന്റെ കാലാവധി. ഇതുപ്രകാരം ഇരുരാജ്യങ്ങളുടേയും പ്രതിരോധ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിന് കരുത്തായി നിശ്ചിത ഇടവേളകളില്‍ സംയുക്ത സൈനിക പരിശീലന പരിപാടികളും നടത്താന്‍ തീരുമാനമായി.
ചര്‍ച്ചകള്‍ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പെസഫിക് മേഖലയില്‍ അമേരിക്കയുടെ നയം ശക്തമായി തുടരണമെന്ന ആവശ്യം ജപ്പാന്‍ പ്രധാനമന്ത്രിക്കായി വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോതേഗി ഉന്നയിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനുള്ള സന്ദേശമായിട്ടാണ് ചൈനയ്‌ക്കെതിരായ നീക്കത്തില്‍ സമ്പൂര്‍ണ്ണ സഹായവും ആവശ്യപ്പെട്ടിരിക്കുന്നത്.
















Comments