ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കറുത്ത കുതിരകളായ കൊളംബിയയ്‌ക്കും ചിലിയ്‌ക്കും അപ്രതീക്ഷിത പരാജയം. കൊളംബിയയെ ഇക്വഡോര്‍ അട്ടിമറിച്ചപ്പോള്‍, ചിലിയെ വെനസ്വേലയാണ് ഞെട്ടിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ കൊളംബിയയെ തകര്‍ത്തത്. വെനസ്വേല ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചിലിയെ മുട്ടുകുത്തിച്ചത്.
കൊളംബിയന്‍ പോസ്റ്റിലേക്കുള്ള ആറ് ഗോളുകളും ആറു പേരുടെ വകയായിരുന്നു. റോബര്‍ട്ട് അര്‍ബോലേദ, ആന്‍ഞ്ചെല്‍ മേന, മൈക്കില്‍ എസട്രാഡ, സേവിയര്‍ അരേഗ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ഗോണ്‍സാലോ പ്ലാറ്റ, പെര്‍വിസ് എസ്റ്റൂപിനാന്‍ എന്നിവരും ഗോളുകള്‍ നേടി. കൊളംബിയയ്‌ക്കായി ആദ്യപകുതിയുടെ അധിക സമയത്ത് ജെയിംസ് റോഡ്രിഗസാണ് ആശ്വാസ ഗോള്‍ നേടിയത്.
ചിലി-വെനസ്വേല പോരാട്ടത്തില്‍ കളിയുടെ 9-ാം മിനിറ്റില്‍ വെനസ്വേല ലീഡ് നേടി. ലൂയിസ് മാഗോയാണ് ഗോള്‍ നേടിയത്. ആര്‍ട്യൂറോ വിദാൽ ചിലിക്കായി സമനില പിടിച്ചു. 81-ാം മിനിറ്റില്‍ സലോമന്‍ റോണ്‍ഡനാണ് വെനസ്വലയ്‌ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.
Comments