ഭുവനേശ്വർ : പട്ടാപ്പകൽ പത്ത് മിനിറ്റിൽ കവർന്നത് 12 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഐഐഎഫ്എൽ ഫിനാൻസിന്റെ ശാഖയിലാണ് മോഷണം നടന്നത്. ഹെൽമറ്റും മാസ്‌കും ധരിച്ചുവന്ന നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
തോക്ക് ചൂണ്ടിയാണ് നാലംഗ സംഘം സ്ഥാപനത്തിലേക്ക് പ്രവേശിച്ചത്. ഡ്യൂട്ടിയിലായിരുന്ന സെക്യൂരിറ്റിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ബാങ്കിനുള്ളിലേക്ക് കയറി മാനേജറെയും മറ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞ് ലോക്കറിന്റെ താക്കോൽ പിടിച്ചു വാങ്ങുകയായിരുന്നു. പിന്നീട് ഇവരെ ബാത്‌റൂമിൽ പൂട്ടിയിടുകയും ചെയ്തു.
12 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും നോട്ടുകെട്ടുകളുമാണ് കൊള്ളയടിച്ചിരിക്കുന്നത്. ലോക്കറിൽ മൂന്ന് പാക്കറ്റ് സ്വർണം മോഷ്ടാക്കൾ ബാക്കിവച്ചു. പത്ത് മിനിറ്റിനുള്ളിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് ബാങ്ക് മാനേജർ പോലീസിനെ അറിയിച്ചു.
മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് വ്യക്തമാക്കി. അതിന്റെ ഭാഗമായി നഗരത്തിന്റെ അതിർത്തികൾ അടച്ചുപൂട്ടി. തുടരെയുള്ള ബാങ്ക് മോഷണങ്ങൾ കാരണം ധനകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ ഊർജ്ജിതമാക്കണമെന്ന് ഒഡീഷ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
















Comments