ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പോര് മുറുകുന്നു. കപില്‍ സിബലിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം ഫൈവ് സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ജനങ്ങളോടുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ബീഹാറിലെ തെരഞ്ഞെടുപ്പ് പരാജയം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാര്‍ട്ടിയോട് സ്നേഹം ഉണ്ടാകണമെന്നും അല്ലാതെ ഫൈവ് സ്റ്റാര്‍ സംസ്കാരം ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം സീറ്റ് ലഭിച്ചാല്‍ നേതാക്കള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുമെന്നതാണ്. മോശമായ റോഡിലൂടെ സഞ്ചരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും 72 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളായിരുന്നു ഗുലാം നബി ആസാദ്.
Comments