ലക്നൗ : അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാമസേതുവിന് അടുത്ത വർഷം അയോദ്ധ്യയിൽ തുടക്കമാകും . തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അക്ഷയ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇതിനു പിന്നാലെ അയോദ്ധ്യയിൽ ചിത്രീകരണം ആരംഭിക്കാൻ യോഗി ആദിത്യനാഥ് അനുമതി നൽകുകയായിരുന്നു .
ഉത്തർപ്രദേശിലെ പുതുതായി ആരംഭിക്കുന്ന ഫിലിം സിറ്റിയിലും ചിത്രീകരണം ഉണ്ടാകും . രാമ സേതു മിഥ്യയാണോ യാഥാർത്ഥ്യമാണോ എന്ന് കണ്ടെത്താൻ പുറപ്പെടുന്ന നായകനെ പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഉള്ളടക്കം . അതുകൊണ്ട് തന്നെ ചിത്രം യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നു. , ശ്രീരാമദേവന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലടക്കം – അക്ഷയ് കുമാർ വ്യക്തമാക്കി.
ദീപാവലി ദിനത്തിൽ രാമസേതുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അക്ഷയ് കുമാർ പുറത്തുവിട്ടിരുന്നു. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ശ്രീരാമൻ നിർമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. രാമസേതു സങ്കല്പമോ യാഥാർത്ഥ്യമോ എന്ന ചോദ്യവും പോസ്റ്ററിൽ കാണാം. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അക്ഷയ് കുമാർ പോസ്റ്റർ പുറത്തുവിട്ടത്.
അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. അരുണ ഭാട്ട്യയും വിവേക് മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Comments