ചെന്നൈ : പുതിയ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മൂത്ത സഹോദരന്റെ അനുഗ്രഹം തേടി തമിഴ് സൂപ്പർതാരം രജനികാന്ത്.
ഞായറാഴ്ച ബെംഗളൂരുവിൽ താമസിക്കുന്ന മൂത്ത സഹോദരൻ സത്യനാരായണ റാവുവിന്റെ വസതിയിലെത്തിയാണ് രജനികാന്ത് അനുഗ്രഹം വാങ്ങിയത്. രജനി സഹോദരന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതിന്റെയും, സഹോദരൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ബെംഗളൂരുവിലെ വസതിക്ക് മുന്നിൽ രജനിയെ കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ബാൽക്കണിയിലേക്ക് എത്തിയ രജനി ആരാധകർക്കുനേരെ കൈ കൂപ്പുകയും കൈവീശി കാണിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കാനിടയായ സാഹചര്യങ്ങളും മറ്റും രജനി സഹോദരനോട് വിശദീകരിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. രജനികാന്ത് പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന് നടത്തും. 2021 ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏറെ കാലമായി രജനികാന്തിന്റെ പാർട്ടി പ്രവേശനത്തെ സംബന്ധിച്ചുള്ള സൂചനകൾ ലഭിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പാർട്ടി പ്രഖ്യാപനം നടത്തില്ലെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. തന്റെ രാഷ്ട്രീയ പ്രവേശനം നീണ്ടു പോയേക്കുമെന്ന് കഴിഞ്ഞ മാസം അദ്ദേഹം അറിയിച്ചിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് രജനികാന്ത് തീരുമാനം അറിയിച്ചത്.
Comments