സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി20 ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.40ന് മത്സരം ആരംഭിക്കും. ടി20യില്‍ അജയ്യരെന്ന് തെളിയിക്കാന്‍ ടീം ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിലും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ മത്സരത്തിലെ താരങ്ങളെത്തന്നെ ഇറക്കുമെന്നാണ് സൂചന.

ബൗളിംഗില്‍ ഇന്ത്യയുടെ പരമ്പരയിലെ കണ്ടെത്തലായ തമിഴ്‌നാട് താരം ടി. നടരാജന്റെ മികവിലാണ് ഇന്ത്യയ്‌ക്ക് വിശ്വാസം. ഒപ്പം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഫോമിലേക്ക് തിരികെ എത്തിയതും ഓസീസിനെ ഒരിക്കല്‍ കൂടി തറപറ്റിക്കാന്‍ ഇന്ത്യയ്‌ക്ക് കരുത്തേകും. ബാറ്റിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആക്രണ ശൈലിയില്‍ അമ്പരന്നിരിക്കുകയാണ് ഓസീസ് നിര. ഓപ്പണിംഗില്‍ ശിഖര്‍ ധവാന്റെ സ്ഥിരതയും രാഹുലിന്റെ മനസാന്നിദ്ധ്യവും മദ്ധ്യനിരയില്‍ ശ്രേയസ്സ് അയ്യരും സഞ്ജുവും തുടക്കം നന്നാക്കുന്നതും ഇന്ത്യക്ക് ഗുണമാണ്. കോഹ്ലി മികച്ച ഫോമിലേക്ക് ഉയര്‍ന്നാല്‍ വിജയം ഇന്ത്യക്ക് അനായാസമാകും.
ഫിഞ്ചും സ്മിത്തും തന്നെയാണ് ഓസീസ് ബാറ്റിംഗിലെ കരുത്ത്. ഇതിനൊപ്പം കീപ്പര്‍ വേഡിന്റെ അവസരോചിതമായ ബാറ്റിംഗും ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കാന്‍ സഹായകരമാണ്. കഴിഞ്ഞ മത്സരത്തിലെ വീഴ്ച മറികടക്കാനുള്ള ശ്രമമായിരിക്കും ബിഗ് ഹിറ്ററായ മാക്‌സവെല്‍ നടത്തുക. ബൗളിംഗില്‍ ഫോമിലെത്താന്‍ സാംപയുടെ ശ്രമത്തിനൊപ്പം സ്റ്റാര്‍ക്കിന്റെ പ്രകടനവും ഇന്ത്യക്കെതിരെ ഓസീസിന് തുണയാകും.
















Comments