ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് ബൈക്കായ ക്രിഡിൻ അടുത്ത മാസം കേരളത്തിലെത്തും. അടുത്ത മാസം മുതൽ ബൈക്ക് കേരളത്തിൽ കൊടുത്തു തുടങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വൺ ഇലക്ട്രിക്ക് കമ്പനിയാണ് ബൈക്കിന്റെ നിർമ്മാതാക്കൾ. ഹൈദരാബാദിലും ബംഗളൂരുവിലുമാണ് ആദ്യമായി വിൽപ്പന ആരംഭിച്ചത്.
2021 ജനുവരി മുതലാണ് ബൈക്ക് കേരളത്തിൽ ലഭിക്കുന്നത്. കമ്പനിയുടെ ഡീലർമാർ മുഖേനെയാണ് വിതരണം. തമിഴ്നാട്ടിലും ഇതേ സമയം തന്നെ വിതരണം ആരംഭിക്കും. അതിനു ശേഷമാകും മഹാരാഷ്‌ട്രയിലും ഡൽഹിയിലും വിതരണം ആരംഭിക്കുകയെന്നും കമ്പനി അധികൃതർ അറിയിച്ചു.
നിലവിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിബ്ബ് ബൈക്കായാണ് ക്രിഡിൻ അറിയപ്പെടുന്നത്. മണിക്കൂറിൽ 95 കിലോമീറ്ററാണ് പരമാവധി വേഗം. എൺപതു ശതമാനം തദ്ദേശീയ നിർമ്മിതിയാണ് ഈ ബൈക്കെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ബൈക്കിന്റെ എക്സ്ഷോറൂം വില 1.29 ലക്ഷമാണ്.
ഒരിക്കൽ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 110 കിലോമീറ്ററും സാധാരണയായി 80 കിലോമീറ്ററും സഞ്ചരിക്കാൻ ഈ ബൈക്കിനു കഴിയും. എട്ടു സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ സ്പീഡിലെത്തുന്ന ബൈക്കിന്റെ ടോർക്ക് 160 ന്യൂട്ടൺ മീറ്ററാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിനെ നിയന്ത്രിക്കുന്നത്. മൂന്ന് കിലോവാട്ട് അവറാണ് ബാറ്ററിയുടെ ശേഷി . ഇന്ത്യക്ക് പുറമേ ആഫ്രിക്കൻ രാജ്യങ്ങളിലും ബൈക്ക് വിൽക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി.
















Comments