കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻഐഎ കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ആകെ 21 പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . ഇതിൽ 20 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ നിയമത്തിലെ 16, 17,18, എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതികൾ അറസ്റ്റിലായി 180 ദിവസം തികയുന്ന സാഹചര്യത്തിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കൊഫേ പോസ ചുമത്തിയ പ്രതികൾ ഒഴികെയുള്ളവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് എൻഐഎയുടെ നിർണ്ണായക നീക്കം. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് എൻഐഎ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് പ്രതികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി എൻഐഎ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന.
പ്രതികൾ അറസ്റ്റിലായി 180 ദിവസങ്ങൾ പൂർത്തിയാകാൻ പോകുന്ന സാഹചര്യത്തിൽ ഈ മാസം ആറിനോ, ഏഴിനോ കുറ്റപത്രം സമർപ്പിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
Comments