കണ്ണൂർ : സിപിഎം പഞ്ചായത്ത് അംഗം കൊറോണ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗം ബേബി ജോൺ പൈനാപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ബേബി ചികിത്സയിലായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ബേബിക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായിരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഒരാഴ്ച മുൻപ് കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവും, ആറളം സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു ബേബി.
Comments