സംഗീതത്തിലൂടെ ആരാധക മനസ്സില്‍ തരംഗം സൃഷ്ടിച്ച അതുല്യ പ്രതിഭ…. അച്ഛനൊപ്പം ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് കടന്നുവന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറിയ എ ആര്‍ റഹ്മാന്‍. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. അവയെല്ലാം തന്നെ ആസ്വാദക മനസ്സില്‍ ഇടം നല്‍കിയവയുമാണ്. സംഗീത സംവിധായകനായിരുന്ന ആര്‍കെ ശേഖറിന്റെയും കരീമയുടേയു മകനായി 1966 ജനുവരി ആറിന് ചെന്നൈയിലായിരുന്നു റഹ്മാന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് താല്പര്യമുള്ള റഹ്മാന്‍ കീബോര്‍ഡ് വായിച്ചു കൊണ്ട് അച്ഛനെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സഹായിച്ചിരുന്നു.
എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്റെ സംഗീത ഉപകരണങ്ങള്‍ വാടകക്ക് നല്‍കിയായിരുന്നു ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം. ഇളയരാജയടക്കം നിരവധി സംഗീതഞ്ജര്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. സാക്കിര്‍ ഹുസൈന്‍, കുന്നക്കുടി വൈദ്യനാഥന്‍, എല്‍. ശങ്കര്‍ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തില്‍ ബിരുദം നേടുകയും ചെയ്തു.
1992-ല്‍ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. പിന്നീട് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. പാശ്ചാത്യ സംഗീതവും, കര്‍ണ്ണാടക സംഗീതവും തമിഴ്നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്മാന്റെ കഴിവ് തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് 2009-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എ.ആര്‍. റഹ്മാന് ലഭിച്ചു. കൂടാതെ 2009-ലെ ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.
Comments