കറാച്ചി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാവ് മറിയം നവാസ്. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ഖനി തൊഴിലാളികളായ ഹസാരസ് വിഭാഗത്തെ അധിക്ഷേപിച്ചതിനെതിരെയാണ് മറിയം വിമർശനവുമായി രംഗത്തെത്തിയത്. പാകിസ്താനിലെ ഖനി തൊഴിലാളികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ ഇമ്രാൻഖാൻ രാജ്യദ്രോഹികളെന്നും ബ്ലാക്‌മെയിൽ ചെയ്യുന്നവരെന്നും അധിക്ഷേപിച്ചെന്നാണ് ആരോപണം.
ഹസാരസ് പ്രതിഷേധക്കാരെ ബ്ലാക്‌മെയിൽ ചെയ്യുന്നവരെന്ന് ഇമ്രാൻഖാൻ ആക്ഷേപിച്ചതിനെതിരെയാണ് പ്രതിഷേധം. ഷിയാ ഹസാരസ് വിഭാഗം രാജ്യത്തെ കൽക്കരി ഖനിതൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്യുന്ന വിഭാഗമാണെന്നും രാജ്യത്തിന്റെ ആകെയുള്ള വരുമാനം കണ്ടെത്തുന്നവരെ അധിക്ഷേപിക്കുന്നത് നീതീകരിക്കാ നാകില്ലെന്നും മറിയം നാവസ് പറഞ്ഞു.
ഇമ്രാൻഖാൻ ഇത്തരം ജോലിക്കാരെ അറിയില്ല. അത്തരം സാധാരണക്കാരുടെ അടുത്തേക്ക് ഇന്നേ വരെ പാക് പ്രധാനമന്ത്രി കടന്നുപോലും ചെന്നിട്ടില്ലെന്നും മറിയം നവാസ് കുറ്റപ്പെടുത്തി. ഇമ്രാൻഖാൻ സംഭവം നടന്ന ഖ്വാട്ടയിലേക്ക് പോകില്ല. കാരണം കടുത്ത അഹംഭാവമാണ് ഇമ്രാനുള്ളത്. മനുഷ്യവികാരം എന്താണെന്ന് ഇമ്രാന് അറിയില്ല. എന്തുകൊണ്ട് പ്രധാനമന്ത്രി എന്ന നിലയിൽ പോകില്ലെന്നറിയാൻ സാധാരണക്കാരന് അവകാശമുണ്ട്. പാകിസ്താൻ പ്രധാനമന്ത്രിക്ക് വിധേയത്വം ആരോടാണെന്ന് വ്യക്തമാക്കണമെന്നും കറാച്ചി സമ്മേളനത്തിൽ മറിയം നവാസ് ആവശ്യപ്പെട്ടു.
















Comments