ക്വർട്ടി കീ ബോർഡിന്റെ കണ്ടുപിടിത്തം; കഥയിങ്ങിനെ |World Of Inventions|

Published by
Janam Web Desk

മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നവര്‍ക്ക് ഏറൈ പരിചിതമായ ഒന്നാണ് ക്വർട്ടി കീ ബോര്‍ഡുകള്‍. കമ്പ്യൂട്ടറുകളിലും ഫോണുകളിലുമെല്ലാം നാം വിവരങ്ങള്‍ എന്റര്‍ ചെയ്യുന്നത് ഇത്തരം കീ ബോര്‍ഡുകളുടെ സഹായത്താലാണ്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമീകരിച്ചിരിക്കുന്ന കീ ബോര്‍ഡുകളെയാണ് ക്വർട്ടി കീ ബോര്‍ഡുകള്‍ എന്ന് പറയുന്നത്. എന്നാല്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇത്തരം കീ ബോര്‍ഡുകളിലെ കീ കളുടെ വിന്യാസം. ക്വർട്ടി കീ ബോര്‍ഡിന്റെ കണ്ടുപിടിത്തവും തുടര്‍ന്നുള്ള വിശേഷങ്ങളുമാണ് വേള്‍ഡ് ഓഫ് ഇന്‍വെന്‍ഷന്‍സിന്റെ ഈ അദ്ധ്യായത്തില്‍ പരിചയപ്പെടാന്‍ പോകുന്നത്.

കീ ബോര്‍ഡുകളിലെ മുകളിലെ നിരയില്‍ കാണുന്ന ആദ്യത്തെ അക്ഷരങ്ങളായ QWERTY എന്നീ അക്ഷരങ്ങളില്‍ നിന്നാണ് ക്വർട്ടി കീ ബോര്‍ഡ് എന്ന പേര് ലഭിച്ചത്. ആദ്യ ടൈപ്പ് റൈറ്റര്‍ കണ്ടുപിടിച്ച ക്രിസ്റ്റഫര്‍ ലഥാം ഷോള്‍സ് ആണ് ഇത്തരം കീബോര്‍ഡുകളുടെ കണ്ടുപിടിത്തത്തിന് പിന്നില്‍. അക്ഷരമാല ക്രമത്തില്‍ രണ്ട് നിരകളായായിരുന്നു ലഥാം ഷോള്‍ഡ് തന്റെ ടൈപ്പ് റൈറ്ററില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുക പതിവായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയില്‍ കൂടുതല്‍ ആയി ഉപയോഗിക്കുന്ന അക്ഷരങ്ങളായിരുന്നു ഇത്തരത്തില്‍ കൂട്ടി മുട്ടിയിരുന്നത്. ഇത് വലിയ പ്രശ്‌നമായി മാറിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാനുള്ള ചിന്തകളിലായി അദ്ദേഹം.

അക്കാലത്താണ് അമേരിക്കകാരനായ ആമോസ് ഡെന്‍സ്‌മോര്‍ തന്റെ പഠനം പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അക്ഷരങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1868 ല്‍ ഇത് അടിസ്ഥാനമാക്കി പൊതുവായി ഉപയോഗിക്കുന്ന അക്ഷരങ്ങളെ ഇരു കൈകളുടെ വശങ്ങളിലും വരുന്ന രീതിയില്‍ ക്രമീകരിച്ച് ഷോള്‍സ് പുതിയ കീബോര്‍ഡ് ഉണ്ടാക്കി. QWERTY എന്നീ അക്ഷരങ്ങളായിരുന്നു കീ ബോര്‍ഡിന്റെ ആദ്യ നിരയില്‍ അദ്ദേഹം വിന്യസിച്ചിരുന്നത്. പിന്നീട് അദ്ദേഹം നിര്‍മ്മിച്ച കീ ബോര്‍ഡിന് ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച് ക്വൊര്‍ട്ടി കീ ബോര്‍ഡ് എന്ന് പേര് നല്‍കി. അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന പ്രശ്‌നം പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ടൈപ്പിംഗ് വേഗത്തിലാക്കാന്‍ ഷോള്‍സിന്റെ കീബോര്‍ഡിന് കഴിഞ്ഞു. 1874 ല്‍ ഷോള്‍സിന്റെ ടൈപ്പ് റൈറ്റര്‍ ആദ്യമായി വിപണിയില്‍ എത്തിയപ്പോള്‍ അവയില്‍ ക്വർട്ടി കീ ബോര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

1878 ല്‍ അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചു. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ റെമിംഗ്ടണ്‍ 2 എന്ന ടൈപ്പ് റൈറ്റര്‍ ക്വർട്ടി കീ ബോര്‍ഡില്‍ ഉണ്ടായിരുന്ന ശേഷിക്കുന്ന പ്രശ്‌നങ്ങളും പരിഹരിച്ചു. ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളെയും ചെറിയ അക്ഷരങ്ങളെയും ഷിഫ്റ്റ് കീയുടെ സഹായത്തോടെ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ടൈപ്പ് റൈറ്ററായിരുന്നു ഇത്. ഇന്ന് കാണുന്ന രീതിയിലുള്ള അക്ഷരങ്ങളുടൈ ക്രമീകരണം ആരംഭിച്ചതും റെമിംഗ്ടണ്‍ 2-ലെ കീ ബോര്‍ഡ് മുതല്‍ക്കായിരുന്നു.

1932 ല്‍ അമേരിക്കന്‍ പ്രൊഫസറായ ആഗസ്റ്റ് ഡ്വോറക്ക് , കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കീ ബോര്‍ഡുകള്‍ കണ്ടുപിടിച്ചു. ഡ്വോറക്ക് കീ ബോര്‍ഡുകള്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷ് അക്ഷരമാലയില്‍ കൂടുതലായി ഉപയോഗിക്കുന്ന സ്വരാക്ഷരങ്ങള്‍ നടുവിലെ നിരയില്‍ ക്രമീകരിച്ചുള്ളവയായിരുന്നു ഈ കീബോര്‍ഡുകള്‍. പിന്നീട് ആളുകള്‍ ക്വർട്ടി കീബോര്‍ഡിനേക്കാള്‍ കൂടുതല്‍ ഡ്വോറക്ക് കീ ബോര്‍ഡ് ഉപയോഗിക്കാന്‍ ആരംഭിച്ചു. എന്നാല്‍ കീകളുടെ സ്ഥാനമല്ല മറിച്ച് ടൈപ്പ് ചെയ്യുന്നയാളുടെ വൈദഗ്‌ദ്ധ്യമാണ് ടൈപ്പിംഗിന്റെ വേഗം നിര്‍ണ്ണയിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചതോടെ ആളുകള്‍ വീണ്ടും ക്വർട്ടി കീ ബോര്‍ഡുകളിലേക്ക് മാറി.

മൊബൈല്‍ ഫോണുകള്‍ കണ്ടുപിടിച്ചതോടെ വിവരങ്ങള്‍ എന്റര്‍ചെയ്യാന്‍ ഇതേ കീബോര്‍ഡുകള്‍ ഉപയോഗിച്ചു. എന്നാല്‍ ആദ്യകാലങ്ങളില്‍ പുറത്തിറങ്ങിയ മൊബൈലുകളില്‍ ഒരു കീയില്‍ സംഖ്യയും അക്ഷരവും ഒരുമിച്ചാണ് ക്രമീകരിച്ചിരുന്നത്. ഒരു കീയില്‍ തന്നെ മൂന്ന് അക്ഷരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് മൊബൈലുകളുടെ രൂപത്തിലും ഭാവത്തിലും വന്ന മാറ്റം കീബോര്‍ഡുകളിലും പ്രതിഫലിച്ചു. ഇന്ന് നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ കമ്പ്യൂട്ടറിലേതിന് സമാനമായ അക്ഷര വിന്യാസമാണ് കാണാന്‍ സാധിക്കുക.

Share
Leave a Comment