ബംഗളൂരു: ഇന്ത്യൻ ഹോക്കിക്ക് ഒളിമ്പിക്‌സിന് മുമ്പ് കരുത്തുപകരാൻ പ്രോ ലീഗ് സഹായകരമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ്. നെതർലന്റ്‌സിനെ 5-2ന് തോൽപ്പിച്ച ഇന്ത്യയുടെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ ശ്രീജേഷ് എടുത്തുകാട്ടി. മത്സരത്തിൽ കരുത്തരായ ഓറഞ്ച് പടയെ 3-3ന് സമനില പിടിച്ച ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ജയം പിടിച്ചെടുത്തതെന്നും ശ്രീജേഷ് ഓർമ്മിപ്പിച്ചു.
2019 സീസണിലെ ഏറ്റവും സുന്ദരമായ ഓർമ്മയാണ് നെതർലന്റ്‌സിനെതിരായ വിജയം. ഹോക്കിയിലെ നമ്മുടെ ക്ഷമത ഇനിയും പൂർണ്ണമായും പരീക്ഷിക്കപ്പെട്ടിട്ടില്ല. നെതർലന്റ്‌സ്, ഓസ്‌ട്രേലിയ, ബെൽജിയം എന്നിവർക്കെതിരെ ജയിക്കൽ എന്നും വെല്ലുവിളിയാണ്. പ്രോ ലീഗ് അതിനുള്ള അവസരം നൽകിയെന്നും ശ്രീജേഷ് പറഞ്ഞു. ലോക ചാമ്പ്യന്മാരായ ബെൽജിയത്തേയും ഓസ്‌ട്രേലിയയേയും ഓരോ കളിയിൽ തോൽപ്പിക്കാൻ കഴിഞ്ഞതും നമ്മുടെ കരുത്താണ് കാണിക്കുന്നതെന്നും ഗോൾകീപ്പറായ ശ്രീജേഷ് പറഞ്ഞു.
ഈ സീസണിൽ ഇനി അർജ്ജന്റീന, ബ്രിട്ടൺ, സ്‌പെയിൻ, ജർമ്മനി എന്നിവർക്കെതിരെ ഇന്ത്യ കളിക്കും. ജൂലൈ ഒളിമ്പിക്‌സിന് മുന്നേ എല്ലാ മത്സരങ്ങളും സമാപിക്കും.
















Comments