ശ്രീനഗർ: പാക് ഭീകരർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന ഒരു തുരങ്കം കൂടി ഇന്ത്യൻ സൈന്യം കണ്ടെത്തി. എട്ടുവർഷമായി ഭീകരർ ഉപയോഗിക്കുന്ന തുരങ്കമാണിതെന്ന് ബി..എസ്.എഫ് മേധാവി അസ്താന അറിയിച്ചു. പത്തു ദിവസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്. ജമ്മുകശ്മീർ മേഖലയിൽ ഭീകരവേട്ട ശക്തമാക്കിയ ശേഷമാണ് തുരങ്കങ്ങളുടെ ശൃംഖല കണ്ടെത്താൻ തുടങ്ങിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള തുരങ്കമാണിതെന്ന് ബി.എസ്.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചു.
അതിർത്തിയിലെ പോസ്റ്റ് നമ്പർ 14 നും 15 നും ഇടയിലാണ് കത്വ ജില്ലയിലെ പൻസറിൽ തുരങ്കം കണ്ടെത്തിയത്. ആകെ 150 മീറ്റർ ദൂരമാണ് അതിർത്തിയിലെ ഭൂഗർഭ സംവിധാനത്തിനുള്ളത്. ഭൂനിരപ്പിൽ നിന്നും മുപ്പതടി താഴ്ചയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. ജയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പാകിസ്താനിലെ ഷാക്കാർഗഡിൽ നിന്നും ഇന്ത്യയിലേക്ക് കടന്നുകയറാൻ പാകത്തിനാണ് തുരങ്കനിർമ്മിതി. ജമ്മുവിലെ നാഗർകോട്ട ആക്രമണത്തിന്റെ സൂത്രധാരൻ കസീം ജാനിന്റെ കേന്ദ്രമാണ് ഷാക്കാർഗഡ് മേഖല.
2012ൽ പാകിസ്താന്റെ ഭാഗത്തുനിന്നും അതിർത്തിയിൽ കനത്ത വെടിവെയ്പ്പുണ്ടായ സ്ഥലങ്ങളുടെ വിശദമായ പരിശോധനയിലാണ് തുരങ്കം ശ്രദ്ധയിൽപെട്ടത്.2019ലും ഇതേ മേഖലകളിൽ ഭീകരരെ കണ്ടെത്തിയിരുന്നു.
















Comments