സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിനെതിരേയും പകർത്തിയെഴുത്ത് ആരോപണം. ഡിസി പുറത്തിറക്കിയ പുസ്തകത്തിലെ ഇരുപത്തയ്യായിരത്തോളം വരുന്ന വരികളിൽ പത്തൊൻപതിനായിരവും ഉദ്ധരണികൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രമുഖ ഭാഷാ പണ്ഡിതനായ രവിശങ്കർ നായർ. സാഹിത്യവിമർശം ത്രൈമാസികയിലെഴുതിയ ലേഖനത്തിലാണ് രവിശങ്കർ നായർ സുനിൽ പി ഇളയിടത്തിന്റെ പകർപ്പ് രചന പൊളിച്ചടുക്കുന്നത്.
എഴുപത്തഞ്ച് ശതമാനവും മറ്റുള്ളവരുടെ ഉദ്ധരണികളാണ് പുസ്തകത്തിലുള്ളതെന്ന് രവിശങ്കർ തെളിവ് സഹിതം സമർത്ഥിക്കുന്നു. കട്ട് ആൻഡ് പേസ്റ്റും പരാവർത്തനവും പരത്തിപ്പറച്ചിലുമാണ് പുസ്തകത്തിലുള്ളത്. സുനിൽ പി ഇളയിടം ഉദ്ധരണികൾ ഉപയോഗിക്കുകയല്ല ഉദ്ധരണികൾ കൊണ്ട് പുസ്തകം നിർമ്മിക്കുകയാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അദ്ധ്യായം 13 ൽ 27 വരികൾ മാത്രമാണ് സ്വന്തമായുള്ളതെന്നും ബാക്കിയെല്ലാം പകർത്തിവെക്കുകയുമാണ് ചെയ്തതെന്നും ലേഖനത്തിൽ പറയുന്നു.
മഹാഭാരതത്തിൽ നിന്ന് സ്വന്തമായി താനെന്താണ് വായിച്ചതെന്ന് പോലും പറയാൻ പറ്റാതെ മറ്റുള്ളവരുടെ ആശയം പകർത്തിവെച്ചവനെ എട്ടുകാലി മമ്മൂഞ്ഞ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും ലേഖകൻ ചോദിക്കുന്നു. വിവരങ്ങൾ ചൂണ്ടിക്കാട്ടി സുനിൽ പി ഇളയിടത്തിന് രവിശങ്കർ തുറന്ന കത്തയയ്‌ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെയും സുനിൽ പി ഇളയിടത്തിന്റെ പകർപ്പ് രചന രവിശങ്കർ എസ്.നായർ കയ്യോടെ പിടിച്ചിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലും സാഹിത്യ മേഖലയിലും വലിയ ചർച്ചകളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു.


























Comments